കൊണ്ടോട്ടി നഗരസഭയില്‍ അങ്കണവാടി പോഷകാഹാര വിതരണം പ്രതിസന്ധിയില്‍
കൊണ്ടോട്ടി: കുട്ടികള്‍ക്കുള്ള പോഷകാഹാര വിതരണം മുടങ്ങിയതോടെ നഗരസഭയുടെ 51 അങ്കണവാടികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. പോഷകാഹാരം വാങ്ങാനുള്ള ഭരണസമിതി തീരുമാനം തദ്ദേശവകുപ്പ് റദ്ദാക്കിയതാണ് നഗരസഭയിലെ അങ്കണവാടികളുടെ പ്രവര്‍ത്തനത്തിന് തിരിച്ചടിയാവുന്നത്. അനുമതി റദ്ദാക്കുന്നതിന് മുന്‍പ് എത്തിച്ച പോഷകാഹാരങ്ങളെല്ലാം തീര്‍ന്നതോടെ വരും ദിവസങ്ങളില്‍ അങ്കണവാടികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകും.
അങ്കണവാടിയിലേക്ക് ഭക്ഷ്യസാധനങ്ങള്‍ വാങ്ങുന്ന ഭരണസമിതിയുടെ തീരുമാനം പ്രതിപക്ഷ പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ത്തലാക്കിയതാണ് പ്രതിസന്ധിക്ക് കാരണം. ഭക്ഷ്യ സാധനങ്ങള്‍ മാവേലി സ്‌റ്റോറില്‍ നിന്നാക്കണമെന്ന മെയ് 19ന് നടന്ന ക്ഷേമകാര്യ സമിതി തീരുമാനമെടുത്തെങ്കിലും അന്തിമ തീരുമാനത്തിനായി കൗണ്‍സില്‍യോഗം ചേര്‍ന്നപ്പോള്‍ കുടുംബശ്രീ യൂനിറ്റിന് വിതരണച്ചുമതല നല്‍കുകയായിരുന്നു. എന്നാല്‍ തങ്ങളെ അറിയിക്കാതെയാണ് അടിയന്തിര യോഗം ഭരണസമിതി ചേര്‍ന്നതെന്നാരോപിച്ച് ഒന്‍പത് ഇടതു അംഗങ്ങള്‍ വിട്ടുനിന്നിരുന്നു. പിന്നീട് ഇവര്‍ നല്‍കിയ പരാതിയിലാണ് തദ്ദേശവകുപ്പ് കൗണ്‍സില്‍യോഗതീരുമാനം തടഞ്ഞത്. ഇക്കാര്യത്തില്‍ സെക്രട്ടറിയില്‍ നിന്ന് വകുപ്പ് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.
കൗണ്‍സില്‍ യോഗം നിയമാനുസൃതമായും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചുമാണ് വിതരണ ചുമതല നല്‍കിയതെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ മാസം 18ന് നഗരസഭ സെക്രട്ടറി നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതാണ് അങ്കണവാടികളെ പ്രതിസന്ധിയിലാക്കുന്നത്. കുട്ടികളുടെ പോഷകാഹാര പ്രതിസന്ധി തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാവണമെന്നും അല്ലാത്ത പക്ഷം കടുത്ത പ്രതിസന്ധി സൃഷടിക്കുമെന്ന് നഗരസഭ വികസനകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ യു.കെ മമ്മദീശ പറഞ്ഞു.
70 ലക്ഷം രൂപയാണ് നഗരസഭ അങ്കണവാടി പോഷകാഹാര വിതരണത്തിനായി വകയിരുത്തിയിട്ടുളളത്. സമൃദ്ധി ഫുഡ് സ്റ്റോര്‍ എന്ന കുടംബശ്രീ സ്ഥാപനം മുഖേന ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനായിരുന്നു നഗരസഭ തീരുമാനമെടുത്തിരുന്നത്. ഈ യോഗത്തിലേക്ക് പ്രതിപക്ഷത്തെ അറിയിച്ചില്ലെന്ന് പറഞ്ഞാണ് ഇടത് അംഗങ്ങള്‍ പരാതിനല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."