ഐ.ജി ഓഫിസ് മാര്‍ച്ച്: എസ്.ഐയെ സസ്പെന്‍ഡ് ചെയ്തതിന് പൊലിസ് പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന്, പൊലിസിനെതിരേ കൊമ്പുകോര്‍ക്കാന്‍ വീണ്ടും സി.പി.ഐ
കൊച്ചി: കൊച്ചിയിലെ സി.പി.ഐ മാര്‍ച്ചിനെതിരായ ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട് സി.പി.ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിനെതിരേ വീണ്ടും സി.പി.ഐ. ആഭ്യന്തരവകുപ്പിനെതിരേയും പൊലിസിനെതിയേയുമാണ് സി.പി.ഐ പരസ്യപോരാട്ടത്തിനൊരുങ്ങുന്നത്. പൊലിസ് നടപടിക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും പി.രാജു മുന്നറിയിപ്പ് നല്കി.
പൊലിസിന്റെ പ്രതികാരനടപടിയായാണ് തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതെന്ന് എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു ആരോപിച്ചു. എസ്.ഐ വിപിന്‍ദാസിനെ സസ്പെന്‍ഡ് ചെയ്തതിലുള്ള പ്രതികാരമാണ് പൊലിസ് നടപ്പാക്കുന്നതെന്നും നടപടിക്രമങ്ങള്‍ പാലിച്ചല്ല അറസ്റ്റ് ചെയ്തതെന്നും രാജു ആരോപിച്ചു.
സി.പി.ഐ വാഴക്കുളം ലോക്കല്‍ കമ്മിറ്റിയംഗം അന്‍സാര്‍ അലിയെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് ഇയാള്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. ഇത് കള്ളക്കേസാണെന്നാണ് പി.രാജു പറയുന്നത്. കൊച്ചി എ.സി.പിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിട്ടില്ല. എസ്.ഐ വിപിന്‍ ദാസ് തെറ്റുകാരനാണ്. അയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പാടില്ല.
ഞാറയ്ക്കല്‍ സി.ഐക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് സി.പി.ഐ നടത്തിയ ഐ.ജി ഓഫീസ് മാര്‍ച്ചാണ് ലാത്തിച്ചാര്‍ജില്‍ കലാശിച്ചത്. ജില്ലാ സെക്രട്ടറി പി രാജു, എല്‍ദോ എബ്രഹാം എം.എല്‍.എ, സംസ്ഥാന കമ്മിറ്റി അംഗം സുഗതന് എന്നിവരടക്കം പത്തുപേരാണ് പ്രതിപ്പട്ടികയിലുളളത്. അനുമതിയില്ലാതെ നടത്തിയ മാര്‍ച്ചില്‍ കണ്ടാലറിയാവുന്ന 800 പേര്‍കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലിസ് പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നതാണ് ജാമ്യമില്ലാ വകുപ്പായി ചുമത്തിയിരിക്കുന്നത്. പൊതുമുതലിന് നാശനഷ്ടമുണ്ടാക്കിയതിനും കേസുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."