പാളയത്തില്‍ പട: 1000 കോടിയുടെ കുട്ടനാട് പാക്കേജ് വെള്ളത്തിലായി: തുരങ്കം വച്ചത് ജലവിഭവ വകുപ്പെന്നും ആക്ഷേപം
ആലപ്പുഴ: ബജറ്റില്‍ പ്രഖ്യാപിച്ച 1000 കോടിയുടെ കുട്ടനാട് പാക്കേജ് ട്രാക്കിലായില്ല. സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് തടസമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. കഴിഞ്ഞ ബജറ്റിലാണ് ധനമന്ത്രി ഡോ. തോമസ് ഐസക് 1000 കോടിയുടെ കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്. എന്നാല്‍, സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതാണ് പദ്ധതി പ്രാവര്‍ത്തികമാകാതെ നീളാന്‍ കാരണം.
ജലവിഭവ വകുപ്പാണ് കുട്ടനാട് പാക്കേജിന് തുരങ്കം വെയ്ക്കുന്നത്. ആദ്യം 1840 കോടിയുടെ കുട്ടനാട് പാക്കേജാണ് പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷം കൊണ്ടു തീര്‍ക്കേണ്ട പദ്ധതി ആറു വര്‍ഷമെടുത്തു. ചെലവഴിച്ചതാവട്ടെ 750 കോടി മാത്രം. കുട്ടനാട്ടുകാരനായ കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. എം.എസ് സ്വാമിനാഥന്‍ അധ്യക്ഷനായ സമിതിയാണ് 2008ല്‍ കുട്ടനാട് പാക്കേജ് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്.
2010ല്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. 2013ല്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതി 2016 വരെ നീട്ടികൊടുത്തു. 12 വകുപ്പുകള്‍ക്കായിരുന്നു നടത്തിപ്പിന്റെ ചുമതല. ഓരോ വകുപ്പും തന്നിഷ്ടപ്രകാരം നീങ്ങിയതോടെ പാക്കേജ് ലക്ഷ്യം കണ്ടില്ല. പൊതുമേഖല സ്ഥാപനങ്ങളെ ഒഴിവാക്കി പുറം കരാര്‍ കൊടുത്തും സ്വാമിനാഥന്‍ വിഭാവനം ചെയ്തതു പോലെ പദ്ധതി നടപ്പാക്കാനാവാതെ വന്നതും കുട്ടനാടിന്റെ ഇന്നത്തെ ദുരിതത്തിന് കാരണമായി.
കഴിഞ്ഞ പ്രളയത്തിന് ശേഷമാണ് പാക്കേജിനെ കുറിച്ച് വീണ്ടും ചര്‍ച്ച ഉയര്‍ന്നത്. കഴിഞ്ഞ ബജറ്റില്‍ 1000 കോടി വകയിരുത്തുകയും ചെയ്തു. കുട്ടനാട് പാക്കേജിലെ പദ്ധതികള്‍ തയ്യാറാക്കാന്‍ ഇതുവരെ കാര്യമായ നീക്കമൊന്നും നടന്നിട്ടില്ല. ഇത്തവണ എവിടെയെങ്കിലും കൊണ്ടു പോയി എന്തെങ്കിലും ചെയ്തുവെയ്ക്കുന്ന പരിപാടി നടക്കില്ലെന്ന നിലപാടിലാണ് കൃഷിവകുപ്പ്. പ്രാധാന്യവും മുന്‍ഗണനയും നിശ്ചയിച്ച് വകുപ്പുകളുടെ ഏകോപനത്തോടെ പദ്ധതി നടപ്പാക്കണമെന്നും. ധൃതിയില്‍ എന്തെങ്കിലും ചെയ്യാന്‍ അനുവദിക്കില്ലെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."