ഭാഷാപിതാവിന് ആമക്കാവിന്റെ ആദരം
ആനക്കര : ഭാഷാപിതാവിന് ആമക്കാവിന്റെ ആദരം. തുഞ്ചത്തെഴുത്തച്ഛന്റെ ഭാര്യാ ഗ്രഹമായ ആമക്കാവ് എടപ്പാളെ തറവാട്ടു വളപ്പില്‍ അദ്ദേഹത്തിന്റെ സ്മരണക്കായി നിര്‍മിച്ച സ്മാരക മന്ദിരത്തിന്റെ ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ 16 ചൊവ്വാഴ്ച നടന്നു.
ദേശമംഗലം ഓങ്കാരാശ്രമത്തിലെ സ്വാമി നിഗമാനന്ദ തീര്‍ത്ഥപാദര്‍ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. എന്‍.എസ്.എസ് കോളജ് റിട്ട. പ്രിന്‍സിപാള്‍ ഡോ.ടി വിജയകുമാര്‍ അധ്യക്ഷനായി. ശില്പി തൊഴുക്കാട് അനില്‍ ബാബു നിര്‍മിച്ച ആചാര്യന്റെ പ്രതിമ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം പുഷ്പജ അനാച്ഛാദനം ചെയ്തു.
സ്മാരക മന്ദിരത്തിലെ ഗ്രന്ഥശാലയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.പിചിത്രഭാനു ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുള്ള കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം നേടിയ പി ഗോപാലന്‍ നായരെ ചടങ്ങില്‍ ആദരിച്ചു. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എം രജിഷ, യോഗാചാര്യന്‍ പി.ജി ശിവകുമാര്‍, സാഹിത്യകാരന്‍ തിരൂര്‍ ദിനേശന്‍, ഇ ഗോപാലകൃഷണന്‍ (ബാലന്‍), വി ശിവരാമന്‍ സംസാരിച്ചു. 16,17,18 തീയതികളിലായി അദ്ധ്യാമിക പ്രഭാഷണങ്ങള്‍, ഓട്ടന്‍തുള്ളല്‍, സംഗീത,നൃത്ത പരിപാടികള്‍ എന്നിവയുണ്ടാകും.
ആമക്കാവില്‍ ആചാര്യന്റെ സന്തതി പരമ്പരകള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. എഴുത്തച്ഛന്റെ ലൗകിക കാലം ഇവിടെയായിരുന്നു. വിലാദ്രി മാഹാത്മ്യം, ഏകാദശി മാഹാത്മ്യം ,ചിന്താ രത്‌നം കിളിപ്പാട്ട് തുടങ്ങിയവയുടെ രചനകള്‍ എഴുത്തച്ചന്‍ നിര്‍വഹിച്ചത് പത്‌നീ ഗൃഹമായ എടപ്പാള്‍ ഭവനത്തില്‍ വെച്ചാണ്.
എടപ്പാള്‍ എന്ന ഭവനപ്പേരോടെ ഏഴു വീട്ടുകാരാണ് ഇപ്പോഴുള്ളത്. തുഞ്ചന്‍ ഗുരുകുലം എന്ന പേരില്‍ എടപ്പാള്‍ തറവാട് പ്രസിദ്ധവുമാണ്. വിജയദശമി നാളില്‍ ഗ്രന്ഥപൂജ , കുട്ടികളെ എഴുത്തിനിരുത്ത് എന്നിവ എത്രയോ കാലമായി നടന്നു വരുന്നു. ഈ വര്‍ഷം മുതല്‍ മന്ദിരത്തില്‍ വെച്ചായിരിക്കും എഴു ത്തി നിരുത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."