മാലിന്യവുമായി എത്തിയ കണ്ടെയ്‌നര്‍ ലോറി നാട്ടുകാര്‍ തടഞ്ഞു
വടകര: കോഴി മാലിന്യവുമായി ദുര്‍ഗന്ധം പരത്തി എത്തിയ കണ്ടെയ്‌നര്‍ ലോറി നാട്ടുകാര്‍ തടഞ്ഞു. സ്ഥലത്തെത്തിയ പൊലിസ് മറ്റു നടപടികള്‍ക്കൊന്നും തുനിയാതെ വാഹനം വിട്ടയച്ചു. രൂക്ഷമായ നാറ്റം സഹിക്കാനാവാത്ത സ്ഥിതിയായിരുന്നു.
കാസര്‍കോട് ചെറുവത്തൂരില്‍ നിന്ന് മലപ്പുറം ഭാഗത്തേക്ക് കോഴി മാലിന്യവുമായെത്തിയ ലോറിയാണ് ദേശീയപാതയില്‍ ചോറോട് പുഞ്ചിരിമില്ലിനു സമീപം തിങ്കളാഴ്ച രാത്രി പതിനൊന്നോടെ നാട്ടുകാര്‍ തടഞ്ഞത്. കൈനാട്ടി ജങ്ഷനില്‍ ലോറി നിര്‍ത്തിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. ലോറി മുന്നോട്ടെടുത്തപ്പോള്‍ യുവാക്കള്‍ വാഹനങ്ങളില്‍ പിന്തുടര്‍ന്ന് പുഞ്ചിരിമില്ലിനു സമീപം തടയുകയായിരുന്നു. പരിശോധിച്ചപ്പോഴാണ് മാലിന്യമാണെന്നറിയുന്നത്. അപ്പോഴേക്കും പരിസരം ദുര്‍ഗന്ധത്തില്‍ മുങ്ങി.
സ്ഥലത്തെത്തിയ വടകര പൊലിസ് വാഹനത്തിലുണ്ടായിരുന്നവരില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. മാലിന്യം മലപ്പുറത്തേക്ക് കൊണ്ടുപോവുകയാണെന്ന് ഇയാള്‍ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ മൂന്നു പേരും രണ്ടു മലയാളികളുമാണ് ലോറിയില്‍. മാലിന്യം വഴിയില്‍ എവിടെയെങ്കിലും തള്ളുന്നത് ഒഴിവാക്കാനാണ് യുവാക്കള്‍ ഇടപെട്ടത്. മാലിന്യം മലപ്പുറത്ത് നിര്‍ദിഷ്ട സ്ഥലത്ത് തള്ളിയ ശേഷം ഇന്നലെ വടകര പൊലിസ് സ്റ്റേഷനില്‍ എത്തി റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശിച്ചാണ് വാഹനവും അതിലുള്ളവരെയും പൊലിസ് വിട്ടയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."