പശ്ചിമേഷ്യയിലെ യു.എസ് സമാധാനപദ്ധതി ഇസ്‌റാഈല്‍ തെരഞ്ഞെടുപ്പിനു ശേഷം
വാഷിങ്ടണ്‍: സെപ്റ്റംബര്‍ 17ന് ഇസ്‌റാഈലില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു ശേഷമാണ് മേഖലയുടെ പുരോഗതിക്കായുള്ള സമാധാനപദ്ധതി യു.എസ് പ്രഖ്യാപിക്കുകയെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ്‌ഹൈസിലെ മുതിര്‍ന്ന ഉപദേശകനും ട്രംപിന്റെ മരുമകനുമായ ജാറദ് കുഷ്‌നറാണ് ഈ പദ്ധതിയുടെ ശില്‍പി. ഫലസ്തീന്‍, ജോര്‍ദാന്‍, ഈജിപ്ത്, ലബ്‌നാന്‍ എന്നീ പശ്ചിമേഷ്യന്‍ രാജ്യങ്ങളെ സാമ്പത്തികമായി കൈപിടിച്ചുയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള 5,000 കോടി ഡോളറിന്റെ പദ്ധതിയാണിത്.
ജൂണില്‍ യു.എസ് ആഭിമുഖ്യത്തില്‍ ബഹ്‌റൈനില്‍ നടന്ന ഉച്ചകോടിയിലാണ് മേഖലയിലെ രാജ്യങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന സമാധാനപദ്ധതി കുഷ്‌നര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഫലസ്തീനികള്‍ ഇത് ബഹിഷ്‌കരിക്കുകയായിരുന്നു. ഫലസ്തീന്‍ പ്രശ്‌നം തണുപ്പിക്കാനുള്ള യു.എസിന്റെയും സഖ്യരാജ്യങ്ങളുടെയും ശ്രമത്തിന്റെ ഭാഗമാണിതെന്നും ഫലസ്തീനും ജൂതന്മാര്‍ക്കും രണ്ടു രാജ്യമെന്ന രാഷ്ട്രീയപരിഹാരത്തെ ഇതില്‍ പരിഗണിച്ചില്ലെന്നും ഫലസ്തീന്‍ നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു.
നേരത്തെ ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്നതിനുള്ള യു.എന്‍ ഏജന്‍സിക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയ ട്രംപ് ഭരണകൂടം 2017ല്‍ ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ച് വിവാദ നടപടിയെടുത്തതും ഫലസ്തീനികളെ പ്രകോപിപ്പിച്ചു. ഇസ്‌റാഈലിനും ഫലസ്തീനുമിടയില്‍ സമാധാനത്തിന് മധ്യസ്ഥത വഹിക്കാന്‍ യു.എസിനെ വിശ്വാസമില്ലെന്നും ഫലസ്തീന്‍ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജൂതകുടുംബത്തില്‍ ജനിച്ച കുഷ്‌നറുടെ സമാധാനപദ്ധതിയെ ഹമാസും തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."