മുക്കം ബാങ്കിലേക്ക് മാര്‍ച്ച് നടത്തി
മുക്കം: അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന മുക്കം സര്‍വിസ് സഹകരണ ബാങ്കിലേക്ക് സഹകരണ ജനാധിപത്യ സംരക്ഷണ സമിതി മാര്‍ച്ച് നടത്തി. 2013ല്‍ വോട്ട് ചെയ്ത 6000 ത്തോളം പേരെ അനധികൃതമായി വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി ആരോപിച്ചാണ് മാര്‍ച്ച് നടത്തിയത്.
ഇതിനിടയില്‍ പ്രവര്‍ത്തകര്‍ ബാങ്കിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് പൊലിസ് തടഞ്ഞത് സംഘര്‍ഷത്തിന് വഴിവച്ചു. പത്തു മിനുട്ടോളം പൊലിസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
50 മീറ്റര്‍ ദൂരത്തേക്ക് പൊലിസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റിയെങ്കിലും ബാങ്കിന് തൊട്ടടുത്ത് വച്ച് പൊലിസ് പ്രതിഷേധക്കാരെ തടയുകയായിരുന്നു. അനധികൃതമായി ആറായിരത്തില്പരം മെംബര്‍മാരെ യാതൊരു മുന്നറിയിപ്പുമില്ലാതെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയ ബാങ്ക് നിലപാടിനെതിരേ ശക്തമായ സമരങ്ങളുമായി മുന്നോട്ട് വരുമെന്നും സമരക്കാര്‍ പറഞ്ഞു.
മാര്‍ച്ച് കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന് അധ്യക്ഷനായി. കെ.ടി ബിനു, കെ. സുന്ദരന്‍, എം.ബി വിജയകുമാര്‍, കെ.ടി ശ്രീധരന്, ദീപു പ്രേംനാഥ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."