ഉന്നാവോ കേസ്: സി.ബി.ഐക്ക് രണ്ടാഴ്ച കൂടി സമയം അനുവദിച്ചു
ന്യൂഡല്‍ഹി: കാറില്‍ സഞ്ചരിക്കുകയായിരുന്ന ഉന്നാവോ കേസിലെ പെണ്‍കുട്ടിയെ ട്രക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് സി.ബി.ഐക്ക് സുപ്രിംകോടതി രണ്ടാഴ്ചകൂടി സമയം നല്കി. പെണ്‍കുട്ടിക്കൊപ്പം സഞ്ചരിച്ച അഭിഭാഷകന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധബോസ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. സംഭവം നടക്കുമ്പോള്‍ അഭിഭാഷകനും പെണ്‍കുട്ടിക്കൊപ്പം കാറിലുണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ അഭിഭാഷകന് ഇപ്പോഴും ചികിത്സയിലാണുള്ളത്.
14 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു ഓഗസ്റ്റ് ഒന്നിന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് സി.ബി.ഐയോട് നിര്‍ദേശിച്ചിരുന്നത്.
കഴിഞ്ഞ ദിവസം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സി.ബി.ഐ നാലാഴ്ച കൂടി നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെയും അഭിഭാഷകന്റെയും മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും എന്നാല്‍ അവരുടെ ഇപ്പോഴത്തെ ആരോഗ്യനില പരിഗണിച്ച് അത് സാധ്യമല്ലെന്നും സി.ബി.ഐ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി രണ്ടാഴ്ച നീട്ടി നല്‍കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് പൊതുമണ്ഡലത്തില്‍ പരാമര്‍ശങ്ങളൊന്നും നടത്തരുതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളോട് കോടതി നിര്‍ദേശിച്ചു. കേസ് അടുത്ത മാസം ആറിന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."