നീലേശ്വരം കേന്ദ്രീയ വിദ്യാലയം: ഉന്നതതല സംഘം പരിശോധന പൂര്‍ത്തിയാക്കി
നീലേശ്വരം: നീലേശ്വരത്ത് അനുവദിച്ച ജില്ലയിലെ നാലാമത്തെ കേന്ദ്രീയ വിദ്യാലയത്തിനായി ഉന്നതതല സംഘം പരിശോധന പൂര്‍ത്തിയാക്കി. എറണാകുളം ഡെപ്യൂട്ടി കമ്മിഷണര്‍ ഉമാ ശിവരാമന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധനയ്‌ക്കെത്തിയത്. പാലാത്തടം കാംപസിനു സമീപം കേന്ദ്രീയ വിദ്യാലയത്തിനു കെട്ടിടം നിര്‍മിക്കുന്നതിനായി കണ്ടെത്തിയ ഏഴേക്കര്‍ സ്ഥലം സംഘം പരിശോധിച്ചു.
സ്ഥലത്തിന്റെ ഘടന, കുടിവെള്ളത്തിന്റെ ലഭ്യത, ഗതാഗത സൗകര്യം എന്നിവയും രേഖപ്പെടുത്തി. കേന്ദ്രീയ വിദ്യാലയത്തിനായി സ്ഥലം ലഭ്യമാക്കാനുള്ള ശ്രമം അവസാന ഘട്ടത്തിലാണെന്നു കലക്ടര്‍ കെ. ജീവന്‍ ബാബു സംഘത്തെ അറിയിച്ചു. ഇന്നു ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടേക്കും.
താല്‍ക്കാലികമായി ക്ലാസുകള്‍ തുടങ്ങാന്‍ കണ്ടെത്തിയ കടിഞ്ഞി മൂല ജി.ഡബ്യു.എല്‍.പി സ്‌കൂളും സംഘം സന്ദര്‍ശിച്ച് തൃപ്തി രേഖപ്പെടുത്തി. ക്ലാസുകള്‍ താല്‍ക്കാലികമായി ആരംഭിക്കുന്നതിനുള്ള സൗകര്യങ്ങളും മറ്റു സജ്ജീകരണങ്ങളും ഏര്‍പ്പെടുത്താമെന്ന് പി. കരുണാകരന്‍ എം.പി, എം. രാജ ഗോപാലന്‍, എം.എല്‍.എ, നഗരസഭാധ്യക്ഷന്‍ കെ.പി ജയരാജന്‍ എന്നിവരും സംഘത്തിനുറപ്പു നല്‍കി.
നഗരസഭാ ഉപാധ്യക്ഷ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷരായ പി.പി മുഹമ്മദ് റാഫി, തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, കൗണ്‍സലര്‍മാരായ പി. മനോഹരന്‍, കെ.തങ്കമണി, കെ.വി സുധാകരന്‍, കെ.വി സുരേന്ദ്രന്‍, കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം കാംപസ് ഡയരക്ടര്‍ ഡോ. എ.എം ശ്രീധരന്‍ , ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എ.കെ രാമചന്ദ്രന്‍, താലൂക്ക് സര്‍വേയര്‍ കെ. അജന്ത കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എ. പവിത്രന്‍, വില്ലേജ് ഓഫിസര്‍മാരായ കുര്യാക്കോസ്, പി.വി തുളസിരാജ്, കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പല്‍ വേദ് പ്രകാശ്മീണ, ഉദ്യോഗസ്ഥരായ എം.രമേശന്‍ കെ.സുധാകരന്‍, നീലേശ്വരം കേന്ദ്രീയ വിദ്യാലയ സ്‌പോണ്‍സറിംഗ് കമ്മിറ്റി കണ്‍വീനര്‍ പി. സുനില്‍കുമാര്‍, കെ.വി കുഞ്ഞിക്കണ്ണന്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."