ചന്തപ്പുര- കണ്ണപുരം റോഡ് നിര്‍മാണ തടസം നീങ്ങുന്നു
കല്യാശ്ശേരി: ചന്തപുരയില്‍ നിന്നും കണ്ണപുരം ചൈനാ ക്ലേയില്‍ വരെ എത്തുന്ന 24 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് വികസനത്തിന്റെ സാങ്കേതിക തടസങ്ങള്‍ നീങ്ങുന്നു. റോഡ് വികസനത്തിനുള്ള കരാര്‍ ഏറ്റെടുത്ത സഹകരണ സംഘത്തിന്റെ കരാറുകാര്‍ക്കെതിരെ സ്വകാര്യ കരാറുകാര്‍ നിയമ നടപടിക്ക് നീങ്ങിയതോടെയാണ് ടെന്‍ഡര്‍ നടപടികള്‍ തടസപ്പെട്ടത്.
2018 മെയ് മാസം തന്നെ ടെന്‍ഡര്‍ നടപടികള്‍ നടത്താനായിരുന്നു ലക്ഷ്യമിട്ടത്. കഴിഞ്ഞ നാല് മാസമായി തടസപ്പെട്ട നിയമപ്രശ്‌നം നീങ്ങിയതോടെ ഒന്നിന് ചേര്‍ന്ന കിഫ്ബി ടെന്‍ഡര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് പ്രവൃത്തികള്‍ ഏറ്റവും വേഗത്തില്‍ തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
റോഡ് യാഥാര്‍ഥ്യമായാല്‍ ദേശീയപാതയ്ക്ക് ബദലായി ഏറ്റവും വേഗത്തില്‍ പരിയാരം മെഡിക്കല്‍ കോളജ് പരിസരത്ത് നിന്നും കീച്ചേരി ദേശീയപാതയില്‍ എത്താനുള്ള വഴി തുറക്കും. ഇതോടൊപ്പം ശോച്യാവസ്ഥയിലുള്ള ധര്‍മശാല കണ്ണപുരം റോഡിന് ശാപ മോക്ഷവും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
39 കോടി രൂപയാണ് റോഡ് വികസനത്തിന് അനുവദിച്ചത്. 6.5 മീറ്റര്‍ വീതിയിലുള്ള റോഡില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ബസ്‌ബേ അടക്കം മികച്ച രീതിയിലുള്ള റോഡ് വികസനമാണ് ലക്ഷ്യം.
ചന്തപ്പുര, ശ്രീസ്ഥ, നെരുവമ്പ്രം, മുള്ളൂല്‍, വെള്ളിക്കല്‍, ഒഴക്രോം, അഞ്ചാം പീടിക വഴി കണ്ണപുരം വരെയുള്ള ഭാഗത്ത് ഇതിന്റെ ഭാഗമായി വികസനം നടക്കും. ഇതേ റോഡുമായി ബന്ധപ്പെടുന്ന അഞ്ചാംപീടിക കീച്ചേരി റോഡ് വികസനവും പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലവില്‍ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."