കെ.പി.സി.സി പുനഃസംഘടന: അതൃപ്തി അറിയിച്ച് കെ. മുരളീധരന്‍
തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയില്‍ അതൃപ്തി അറിയിച്ച് കെ.മുരളീധരന്‍ എം.പി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുരളീധരന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കത്തുനല്‍കി.
മുന്‍ അധ്യക്ഷനെന്ന നിലയില്‍ ഭാരവാഹികളായി ആരുടെ പേരും നിര്‍ദേശിക്കുന്നില്ലെന്നും ഇഷ്ടപ്രകാരം പുനഃസംഘടന പൂര്‍ത്തിയാക്കാനും മുരളീധരന്‍ കത്തിലൂടെ മുല്ലപ്പള്ളിയെ അറിയിച്ചു. ജനപ്രതിനിധികളെ പാര്‍ട്ടിയുടെ തലപ്പത്ത് നിറയ്ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പാര്‍ട്ടിയില്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ നടപ്പാക്കുകയാണെന്നും മുരളീധരന്‍ കത്തില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രീയകാര്യ സമിതിയില്‍ പറഞ്ഞതൊന്നും മുഖവിലക്കെടുത്തെന്ന് തോന്നുന്നില്ലെന്നും അറിയിക്കാനുള്ളത് മുഴുവന്‍ കത്തില്‍ എഴുതിയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. പുനഃസംഘടന സംബന്ധിച്ച് ഐ ഗ്രൂപ്പില്‍ ഭിന്നത രൂക്ഷമായതാണ് മുരളീധരനിലൂടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
എം.പിമാരെയും എം.എല്‍.എമാരെയും ഭാരവാഹികളാക്കുന്നതിനെച്ചൊല്ലിയാണ് പ്രധാനമായും തര്‍ക്കം. ഒരാള്‍ക്ക് ഒരു പദവിയെന്ന മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുമ്പോള്‍ മറ്റൊരു വിഭാഗം എം.എല്‍.എമാര്‍ക്കായി വാദിക്കുകയാണ്. ഒരാള്‍ക്ക് ഒരു പദവിയെന്ന നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
എ ഗ്രൂപ്പും ഇക്കാര്യം അംഗീകരിക്കുന്നുണ്ട്. പക്ഷേ ഐ ഗ്രൂപ്പിലെ പ്രബലന്‍മാരാണ് ഇരട്ടപ്പദവി വേണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ ഗ്രൂപ്പ് നേതാവെന്ന നിലയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മര്‍ദത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."