ജില്ലയില്‍ ഇതുവരെ 43,000 റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു
കാക്കനാട്: പഴയ എ.പി.എല്‍. ബി.പി.എല്‍. കാര്‍ഡുകള്‍ക്ക് പകരം ജില്ലയില്‍ ഇതുവരെ 43,000 പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. നാലു നിറങ്ങളില്‍ ആനുകൂല്യങ്ങളനുസരിച്ച് തരംതിരിച്ച റേഷന്‍ കാര്‍ഡുകള്‍ വിതരണത്തിന്റെ ഒന്നാംഘട്ട പൂര്‍ത്തിയാക്കുന്നതെന്ന് ജില്ലാ സപ്ലെ ഓഫീസര്‍ എന്‍. ഹരിപ്രസാദ് പറഞ്ഞു. 103 റേഷന്‍ കടകളുമായി ബന്ധപ്പെട്ടാണിത്രയും കാര്‍ഡുകള്‍ വിതരണം നടത്തിയത്. ജൂണ്‍ ഒന്ന് മുതല്‍ തിങ്കളാഴ്ച വരെയുള്ള കണക്കാണിത്.
ഏറ്റവും കൂടുതല്‍ പുതിയ കാര്‍ഡുകള്‍ നല്‍കിയത് എറണാകുളം സിറ്റി റേഷനിങ് ഓഫീസറുടെ പരിധിയിലാണ് 10860. ഏറ്റവും കുറവ് കണയന്നൂര്‍ താലൂക്ക് സപ്ലെ ഓഫീസിന്റെ പരിധിയിലുമാണ് 1014 കാര്‍ഡുകള്‍. കൊച്ചി സിറ്റി റേഷനിങ് ഓഫിസ് 2216, കൊച്ചി താലൂക്ക് 5122, ആലുവ താലുക്ക് 4441, പറവൂര്‍ 6057, കുന്നത്തുനാട് 4852, കോതമംഗലം 6431, മൂവാറ്റുപുഴ 2577 എന്നീ ക്രമത്തിലാണ് പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുള്ളത്.
ജില്ലയില്‍ ആകെ 1340 റേഷന്‍ കടകളാണുള്ളത്. എട്ട് ലക്ഷത്തോളം കാര്‍ഡു ഉടമകളാണുള്ളത്. എല്ലാ കടകള്‍ കേന്ദ്രീകരിച്ചും വിതരണം ആദ്യഘട്ടം പൂര്‍ത്തീകരിച്ച ശേഷം വാങ്ങാന്‍ കഴിയാത്തവര്‍ക്ക് രണ്ടാം ഘട്ടം നല്‍കും. വിതരണം നടത്തിയ കാര്‍ഡുകളില്‍ തെറ്റുള്ളതായി പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു.
പുതിയ കാര്‍ഡുകള്‍ വാങ്ങാന്‍ വരുമ്പോള്‍ കൊണ്ടുവരുന്ന പഴയ കാര്‍ഡുകള്‍ ക്യാന്‍സല്‍ ചെയ്ത് തിരിച്ചു നല്‍കും. അടുത്ത മാസം പകുതിയോടെ പുതിയ കാര്‍ഡുകള്‍ വിതരണം പൂര്‍ത്തിയാകും. ആഗസ്റ്റ് മാസം മുതല്‍ പുതിയ കാര്‍ഡ് വഴി റേഷന്‍ കടകളില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."