കനത്ത മഴ: മലയോരത്ത് വ്യാപക നാശനഷ്ടം
ചെറുപുഴ: കനത്ത മഴയില്‍ മലയോരത്ത് വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിലും മിന്നലിലും വീടുകളും മതിലുകളും കോഴി ഫാമുകളും തകര്‍ന്നു. കൊട്ടത്തലച്ചി മലയില്‍ ഉരുള്‍പൊട്ടിയതായി സംശയം. ചെറുപുഴ പുഴയില്‍ ജലനിരപ്പ് ഗണ്യമായി വര്‍ധിച്ചു. ഇന്നലെ ഉച്ചക്കുശേഷം ഉണ്ടായ ശക്തമായ മഴയിലും ഇടിയിലും കാറ്റിലുമാണ് വ്യാപക നാശമുണ്ടായത്. തോടുകള്‍ കരകവിഞ്ഞ് ഒഴുകിയതിനാല്‍ വാഹന ഗതാഗതം തടസപ്പെട്ടു.
മലമുകളില്‍ നിന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കൊട്ടത്തലച്ചി മലയിലേക്കുള്ള റോഡ് പൂര്‍ണമായും തകര്‍ന്നു. സ്‌കൂള്‍ യുവജനോത്സവം നടക്കവേ തവിടിശ്ശേരി ഗവ. ഹൈസ്‌കൂളിന്റെ കവാടം തകര്‍ന്നുവീണു. ആര്‍ക്കും പരുക്കുകളില്ല. ചെറുപുഴ കന്നിക്കളം ആര്‍ക്ക് ഏയ്ഞ്ചല്‍സ് സ്‌കൂളിന്റെ പ്ലേ ഗ്രൗണ്ടിന്റെ മതില്‍ ഇടിഞ്ഞുവീണു. കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന കളിക്കോപ്പുകള്‍ പൂര്‍ണമായും നശിച്ചു. തൊട്ടടുത്ത റോയി പുരയിടത്തിന്റെയും ടോമി ആന്ത്രോത്തിന്റെയും വീടിന്റെ അരികിലെ മതില്‍ ഇടിഞ്ഞുവീണു. വാഴക്കുണ്ടത്തെ ചാണ്ടിക്കൊല്ലിയില്‍ മനോജിന്റെ വീട്ടില്‍ വെള്ളം കയറി. ചുണ്ടയിലെ പൈക്കാടത്തില്‍ രവിയുടെ വീടിനു പിന്നിലെ മതിലും തകര്‍ന്നു.
തലപ്പുലത്ത് രാധാകൃഷ്ണന്റെ കോഴി ഫാം പൂര്‍ണമായും നിലംപൊത്തി. ലിജോ കുടിയിരിക്കലിന്റെ വീടിന്റെ മുറ്റം മുഴുവനും തകര്‍ന്നു. വിളക്കുവട്ടം ചാക്കാല ദേവസ്ഥാനത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണ് റോഡ് ഗതാഗതം തടസപ്പെട്ടു. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ്, ഡെന്നി കാവാലം, പി. രാമചന്ദ്രന്‍, മനോജ് വടക്കേല്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."