മൃഗസംരക്ഷണ മേഖലയില്‍ പ്രളയനഷ്ടം 23.14 കോടി
ശംസുദ്ധീന്‍ ഫൈസി
മലപ്പുറം: പ്രളയവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ മേഖലയില്‍ സംസ്ഥാനത്തിന്റെ നഷ്ടം 23.14 കോടിയെന്ന് പ്രാഥമിക കണക്കുകള്‍.
ഇതുവരെ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിഗമനം.
കൂടുതല്‍ വിവരങ്ങള്‍ പ്രളയബാധിത ജില്ലകളില്‍ നിന്നും ശേഖരിച്ചുവരികയാണ്. വിവര ശേഖരണം പൂര്‍ത്തിയാവുന്നതോടെ നാശനഷ്ടങ്ങള്‍ ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍.
264 പശുക്കള്‍, 84 -കിടാരി, 205 പശുക്കുട്ടികള്‍, 37 എരുമ- പോത്ത്, 273 ആടുകള്‍, 186,213 കോഴികള്‍, 5,362 താറാവ്, 55 മുയല്‍, 1237 കാടകള്‍ എന്നിങ്ങനെയാണ് വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും നാശനഷ്ടങ്ങള്‍.
കൂടാതെ, 795 കാലിത്തൊഴുത്തുകള്‍ക്ക് പൂര്‍ണമായും 2982 കാലിത്തൊഴുത്തുകള്‍ക്ക് ഭാഗികമായും നാശം സംഭവിച്ചു. 46 കോഴി ഷെഡുകളും 15 ആട് ഷെഡുകളും മൃഗസംരക്ഷണ വകുപ്പിന്റെ 36 വിവിധ സ്ഥാപനങ്ങളും പ്രളയത്തില്‍ നശിച്ചു. 652.62 മെട്രിക്ക് ടണ്‍ കാലിത്തീറ്റയും പ്രളയം കവര്‍ന്നെടുത്തു.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ 172.08 കോടി രൂപയുടെ നഷ്ടമായിരുന്നു മൃഗസംരക്ഷണ മേഖലയില്‍ സംസ്ഥാനത്ത് കണക്കാക്കിയിരുന്നത്. 5163 പശുക്കള്‍, 5166 പശുകുട്ടികള്‍, 541 എരുമ, 6380 ആടുകള്‍, 11.43 ലക്ഷം കോഴികള്‍, 4.64 ലക്ഷം താറാവുകള്‍ എന്നിങ്ങനെയായിരുന്നു 2018ലെ പ്രളയത്തില്‍ വളര്‍ത്തു മൃഗങ്ങളുടെ നാശനഷ്ടം.
കൃത്യമായ വിവരശേഖരണത്തിനായി അതത് വെറ്ററിനറി ഓഫിസര്‍മാര്‍ക്ക് വകുപ്പുതല നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാശനഷ്ടങ്ങള്‍ക്ക് ആശ്വാസ സഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അപേക്ഷകള്‍ നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ഷകര്‍ നിര്‍ദിഷ്ട അപേക്ഷകള്‍ പഞ്ചായത്തിലെ വെറ്ററിനറി ഡിസ്‌പെന്‍സറികളിലോ, മൃഗാശുപത്രികളിലോ നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."