പ്ലസ് വണ്‍ പ്രവേശനം; ജില്ലയില്‍ ലഭിച്ചത് 44227 അപേക്ഷകള്‍
കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിന് ജില്ലയില്‍ ആകെ ലഭിച്ചത് 44227 അപേക്ഷകള്‍. ഓണ്‍ലൈന്‍വഴിയുള്ള അപേക്ഷ സമര്‍പ്പിക്കല്‍ സമയം ഇന്നലെ അവസാച്ചപ്പോള്‍ ലഭിച്ച കണക്കാണിത്. ആകെയുള്ള 38,116 പ്ലസ്‌വണ്‍ സീറ്റുകളില്‍ 26,157 സീറ്റുകളിലേക്കാണ് ഏകജാലകം വഴി പ്രവേശനം നടത്തുന്നത്. ഇത്രയും സീറ്റുകളിലേക്കാണ് 44,227 അപേക്ഷകര്‍. ബാക്കിയുള്ളവ മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി സീറ്റുകളാണ്. അപേക്ഷകരില്‍ 18,070 പേര്‍ പുറത്താകും. ജില്ലയില്‍ നിന്ന് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരി പഠനത്തിന് യോഗ്യത നേടിയതിനേക്കാള്‍ പതിനായിരം അപേക്ഷകള്‍ കൂടുതലുണ്ട്. 34,522 പേരാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ചത്.
വിവിധ സ്‌കൂളുകളില്‍ സമര്‍പ്പിക്കപ്പെട്ട 43,780 അപേക്ഷകളില്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി. വെരിഫിക്കേഷന് സമര്‍പ്പിക്കാത്ത അപേക്ഷകള്‍ അസാധുവാകും. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ലഭിച്ച 482 അപേക്ഷകളില്‍ 476 അപേക്ഷകളുടെയും വെരിഫിക്കേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. അവസാന ദിവസമായ ഇന്നലെ 603 അപേക്ഷകള്‍ മാത്രമാണ് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ സമര്‍പ്പിക്കപ്പെട്ടത്.
അപേക്ഷകരുടെ എണ്ണത്തില്‍ സംസ്ഥാന തലത്തില്‍ അഞ്ചാം സ്ഥാനത്താണ് ജില്ല, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളാണ് മുന്നിലുള്ളത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി ആകെ 38,116 പ്ലസ്‌വണ്‍ സീറ്റുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 11,820 സീറ്റുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും 20,460 സീറ്റുകള്‍ എയ്ഡഡ് വിഭാഗത്തിലും 5836 സീറ്റുകള്‍ അണ്‍എയ്ഡഡ് സ്‌കൂളുകളിലുമാണ്. സര്‍ക്കാര്‍ സീറ്റുകളിലും എയ്ഡഡ് മെറിറ്റ്, സ്‌പോര്‍ട്‌സ് സീറ്റുകളിലും മാത്രമാണ് ഓണ്‍ലൈന്‍ വഴി പ്രവേശനം.
കഴിഞ്ഞ 22നായിരുന്നു അപേക്ഷ നല്‍കാനുള്ള അവസാന തീയതി. സി.ബി.എസ്.ഇ ഫലം വൈകിയത് കാരണം ഒരുകൂട്ടം വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി അപേക്ഷ സ്വീകരിക്കാനുള്ള സമയം നീട്ടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ സമയ പരിധിയാണ് ഇന്നലെ അവസാനിച്ചത്. മൂത്തക്കുന്നും എസ്.എന്‍.എം.എച്ച്.എസ്.എസിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വെരിഫിക്കേഷനായി അപേക്ഷ സമര്‍പ്പിച്ചത്. ആകെ ലഭിച്ച 974 അപേക്ഷകളില്‍ മുഴുവന്‍ അപേക്ഷകളും സാധുവായി. ഇടപ്പള്ളി ഗവ.എച്ച്.എസ്.എസില്‍ 892 അപേക്ഷകളും ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി എച്ച്.എസില്‍ 842 അപേക്ഷകളും വെരിഫിക്കേഷനു വേണ്ടി ലഭിച്ചു. പൂത്തോട്ട കെ.പി.എം എച്ച്.എസ്.എസ് (794), എസ്.ഡി.പി.വൈ എച്ച്.എസ്.എസ് പള്ളുരുത്തി (785), നോര്‍ത്ത് പറവൂര്‍ ഗവ.എച്ച്.എസ്.എസ് (591), ആലുവ ഗവ.ബോയ്‌സ് സ്‌കൂള്‍ (694), ഗവ.എച്ച്.എസ്.എസ് വെളി, ഫോര്‍ട്ട് കൊച്ചി (679), തൃപ്പൂണിത്തുറ ഗവ.ബോയ്‌സ് വി.എച്ച്.എസ്.എസ് (582), തൃക്കാക്കര കര്‍ദിനാള്‍ എച്ച്.എസ്.എസ് (618), കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസ് (628), കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് എച്ച്.എസ്.എസ് (555), തേവര എസ്.എച്ച് സ്‌കൂള്‍ (613), പള്ളുരുത്തി സെന്റ് സെബാസ്റ്റ്യന്‍ എച്ച്.എസ്.എസ് (629), ആലുവ എസ്.എന്‍.ഡി.പി എച്ച്.എസ്.എസ് (521), പിറവം എം.കെ.എം എച്ച്.എസ്.എസ് (600) തുടങ്ങിയ സ്‌കൂളുകളില്‍ അഞ്ഞൂറിലേറെ അപേക്ഷകള്‍ വെരിഫിക്കേഷനായി ലഭിച്ചു. വെരിഫിക്കേഷനായി വിദ്യാര്‍ഥികള്‍ക്ക് ജില്ലയിലെ ഏത് സ്‌കൂളിലും അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."