വെള്ളം താഴുമ്പോള്‍ രോഗം പൊങ്ങും; ശ്രദ്ധിക്കണം
തിരുവനന്തപുരം: മഴ ശമിച്ചതോടെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന പലരും വീടുകളിലേക്ക് പോകാന്‍ തുടങ്ങിയിട്ടുണ്ട്. വെള്ളമിറങ്ങുന്ന സമയമായതിനാല്‍ ഇനി ശ്രദ്ധിക്കേണ്ടത് പകര്‍ച്ചവ്യാധി പ്രതിരോധമാണ്. ശുദ്ധമായ വെള്ളം കുടിച്ചില്ലെങ്കില്‍ മാരകമായ പല അസുഖങ്ങള്‍ക്കും കാരണമാകും. പ്രളയബാധിത പ്രദേശത്തിന്റെ വ്യാപ്തി വലുതായതിനാല്‍ എല്ലാ സ്ഥലങ്ങളിലും ശുദ്ധജലമെത്തിക്കുക പ്രായോഗികവുമല്ല. അതിനാല്‍ തങ്ങളുടെ പ്രദേശത്ത് ലഭിക്കുന്ന വെള്ളം ശുദ്ധജലമാക്കുക എന്നതാണ് പ്രധാനം. കലക്കവെള്ളം ഒരു കാരണവശാലും കുടിക്കരുത്. തെളിഞ്ഞ വെള്ളം തിളപ്പിച്ചതിനു ശേഷമോ ക്ലോറിനേറ്റ് ചെയ്ത ശേഷമോ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗം.
വെള്ളം
ശുദ്ധമാക്കുന്ന
വിധം
വെള്ളം ശുദ്ധീകരിക്കാന്‍ ക്ലോറിന്‍ ഗുളിക ലഭ്യമാണെങ്കില്‍ അത് ഉപയോഗിക്കാം. ഇരുപത് ലിറ്റര്‍ (ഏകദേശം ഒരു കുടം) വെള്ളത്തിന് ഒരു ക്ലോറിന്‍ ഗുളികയാണ് (500 മില്ലിഗ്രാം) ഉപയോഗിക്കേണ്ടത്. ക്ലോറിന്‍ ഗുളിക ഇട്ടു കഴിഞ്ഞാല്‍ ഒരു മണിക്കുറിനുശേഷം മാത്രമേ ഈ വെള്ളം കുടിക്കാവൂ. അണുക്കളെ നശിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം വെള്ളം തിളപ്പിക്കുക എന്നതാണ്. അടിയ്ക്കടി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. വിസര്‍ജ്യ വസ്തുക്കള്‍ കുടിവെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്നത് ഒഴിവാക്കണം.
സൂപ്പര്‍
ക്ലോറിനേഷന്‍
കിണറ്റിലെ വെള്ളത്തിന്റെ അളവ് കണ്ടെത്തി ഓരോ 1000 ലിറ്ററിന് 5 ഗ്രാം ബ്ലീച്ചിങ് പൗഡര്‍ ആണ് ഉപയോഗിക്കേണ്ടത്. ഇതിനെ ലായനി രൂപത്തിലാക്കി ഉപയോഗിക്കുന്നതാണ് അഭികാമ്യം.
ഒരു ബക്കറ്റില്‍ ഇങ്ങനെ എടുത്ത ബ്ലീച്ചിങ് പൗഡര്‍ കുറച്ചു വെള്ളം ചേര്‍ത്ത് പേസ്റ്റ് പരുവത്തിലാക്കുക. ഈ പേസ്റ്റിനെ ബക്കറ്റിന്റെ മുക്കാല്‍ ഭാഗം വെള്ളം നിറച്ച് നന്നായി കലക്കിയ ശേഷം 10 മുതല്‍ 15 മിനുട്ട് വരെ ബക്കറ്റ് അനക്കാതെ വയ്ക്കുക. മുകളിലെ തെളിഞ്ഞ വെള്ളം കിണറിലെ തൊട്ടിയിലേക്ക് ഒഴിച്ച് അത് താഴേക്കിറക്കി വെള്ളത്തില്‍ താഴ്ത്തി നന്നായി ഇളക്കിച്ചേര്‍ക്കുക. ഒരു മണിക്കൂറിനു ശേഷം മാത്രമേ ഈ കിണര്‍ വെള്ളം ഉപയോഗിക്കാന്‍ പാടുള്ളൂ. ഇത് ആഴ്ചയില്‍ രണ്ടു തവണ വച്ച് രണ്ടു മാസം തുടരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."