കണ്ണായിരുന്നവര്‍ കണ്‍മറഞ്ഞു; കരളുടഞ്ഞ് അവര്‍ കരഞ്ഞു തളര്‍ന്നു
ഷിബു എടക്കര
എടക്കര(മലപ്പുറം): ദുരന്തഭൂമിയിലെ ഞെട്ടിക്കുന്ന ഓര്‍മകളെ കടിച്ചമര്‍ത്തി ഇന്നലെ സ്‌കൂള്‍ തുറക്കുമ്പോള്‍ പോത്തുകല്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശോകമൂകത.
സഹപാഠികളില്‍ ആറുപേരെ മണ്ണുകവര്‍ന്ന ദുരന്തമോര്‍ത്ത് തേങ്ങലടങ്ങാതെ ക്ലാസ്മുറികള്‍. തിരച്ചിലിനിടയില്‍ കണ്ടെടുത്ത രണ്ടുപേര്‍, ഇനിയും കാണാമറയത്തു നാലു കൂട്ടുകാര്‍. കൂടപ്പിറപ്പുകാരുടെ നഷ്ടയോര്‍മകളില്‍ വിതുമ്പിക്കരച്ചിലായിരുന്നു ഇന്നലെ സ്‌കൂള്‍ അങ്കണം.
പത്താം ക്ലാസ് വിദ്യാര്‍ഥി പള്ളത്ത് ശ്രീലക്ഷമി, ഒന്‍പതിലെ പ്രജിഷ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
പത്താംക്ലാസിലെ കാര്‍ത്തിക്, സഹോദരന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കമല്‍, ഒന്‍പതാം ക്ലാസിലെ ശ്രീലക്ഷമി, ജ്യേഷ്ഠ സഹോദരി പ്ലസ്ടു കൊമേഴ്‌സ് ക്ലാസിലെ സുനിത എന്നിവരെ ഇനിയും കണ്ടെത്തിയിട്ടില്ല.
ഇന്നലെ സ്‌കൂളിലെത്തിയപ്പോള്‍ ഒന്‍പത് ഇ ഡിവിഷനിലെ ശ്രീലക്ഷമിയുടെ ഉറ്റ സ്‌നേഹിതരായ ദേവിക, ഷിഫാന, ശരണ്യ, നവ്യ എന്നിവര്‍ക്ക് ദുഃഖമടക്കാനായില്ല.
ഒരേ ബെഞ്ചിലിരുന്ന് പഠിച്ച ഈ കൂട്ടുകാരികള്‍ എല്ലാ കാര്യങ്ങളും ഒരുമിച്ചായിരുന്നു ചെയ്തിരുന്നത്. പഠനവും ഉച്ചഭക്ഷണവും എല്ലാം ഒരുമിച്ച്. ശ്രീലക്ഷമിയുടെ ചേച്ചി സുനിതയുമായും നല്ല അടുപ്പമുണ്ട് ഇവര്‍ക്ക്. ഇരുവരും ഒരുമിച്ചാണ് വീട്ടില്‍നിന്നു കാല്‍നടയായി സ്‌കൂളില്‍ വരാറ്.
പത്ത് ഇ ക്ലാസിലെ ശ്രീലക്ഷമിയുടെ വേര്‍പാട് താങ്ങാനാവുന്നില്ല കൂട്ടുകാരികളായ ഹര്‍ഷ, സാന്ദ്ര, ധന്യ എന്നിവര്‍ക്ക്. എല്ലാത്തിനും മിടുക്കിയായിരുന്നു അവളെന്നു കൂട്ടുകാരികള്‍ പറഞ്ഞു. ക്ലാസ് ടീച്ചര്‍ വര്‍ഗീസ് സാറിനും പഠനത്തിലും അനുസരണയിലും മിടുക്കിയായ അവളെകുറിച്ചു നല്ലതു മാത്രമാണ് പറയാനുള്ളത്.
പാദവാര്‍ഷിക പരീക്ഷയ്ക്കു തയാറെടുക്കുന്നതിനിടയിലാണ് ദുരന്തമെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."