വീട്ടമ്മയെ ആക്രമിച്ചതിന് പിന്നാലെ ചര്‍ച്ചിന് നേരെയും കല്ലേറ്; പിന്നില്‍ മണല്‍ മാഫിയയെന്ന് ആരോപണം
മഞ്ചേശ്വരം: പകല്‍ സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ ചര്‍ച്ചിന് നേരെയും കല്ലേറ്. ഒറ്റക്കൈയിലെ അഞ്ചര ഹൗസില്‍ ഫെലിക്സ് ഡിസൂസയുടെ ഭാര്യ റീത്ത ഡിസൂസ(55)യ്ക്കു നേരേ കഴിഞ്ഞ ദിവസം അക്രമമുണ്ടായതിന് പിന്നാലെയാണ് ഞായറാഴ്ച രാത്രി സമീപത്തെ ചര്‍ച്ചിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിനു പിന്നില്‍ മണല്‍ മാഫിയയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന അക്രമത്തില്‍ റീത്തയുടെ നാല് പല്ലുകള്‍ തകര്‍ന്നിരുന്നു. കൈക്ക് പൊട്ടലുമുണ്ടായി. മഞ്ചേശ്വരം ഭാഗത്തു നടക്കുന്ന മണല്‍ക്കടത്തിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചതുമായി ബന്ധപ്പെട്ട് റീത്തയും പ്രദേശവാസികളുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് അക്രമം നടന്നതെന്ന് പറയുന്നു. അക്രമിസംഘം കല്ലുകൊണ്ട് മുഖത്ത് അടിച്ചതായി ഇവര്‍ പൊലിസില്‍ നല്കിയ പരാതിയിലുണ്ട്. കല്ലേറില്‍ ഇവരുടെ വീടിന്റെ ജനല്‍ ചില്ലുകളും തകര്‍ന്നു. കുമ്പള താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം റീത്ത ഡിസൂസയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇതിന്റെ തുടര്‍ച്ചയായാണ് മഞ്ചേശ്വരത്തെ അവര്‍ ലേഡി ഓഫ് മേഴ്സി ചര്‍ച്ചിന് നേരെ കല്ലേറുണ്ടായത്. ഇന്നലെ രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. ചര്‍ച്ചിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്ന നിലയിലാണ്. മണല്‍മാഫിയക്കെതിരേ പരാതി കൊടുത്തതിന്റെ വിരോധത്തില്‍ ആണ് കല്ലേറുണ്ടായതെന്ന് ആരാധനാലയ അധികൃതര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടു പേര് ചര്‍ച്ചിന് നേരെ കല്ലെറിയുന്ന ദൃശ്യങ്ങള്‍ ഇവിടത്തെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നുണ്ട്. അതേസമയം, വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീയെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. പ്രദേശവാസിയായ മുഹമ്മദ് ഇസ്മാഈല്‍ (21) ആണ് അറസ്റ്റിലായത്. ഈ സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരേയാണ് മഞ്ചേശ്വരം പൊലിസ് കേസെടുത്തത്.
മഞ്ചേശ്വരം അഞ്ചരകടപ്പുറം മുതല്‍ ചര്‍ച്ച് ബീച്ച് വരെയുള്ള രണ്ടര കിലോമീറ്റര്‍ ഭാഗത്ത് മണല്‍കടത്ത് വ്യാപകമാണ്. തീരത്തുനിന്ന് രണ്ട് കിലോ മീറ്റര്‍ ആഴത്തില്‍ വരെ മണലെടുത്തിട്ടുണ്ട്. മണല്‍ കടത്തിയ ലോറി കഴിഞ്ഞദിവസം പ്രദേശവാസികള്‍ തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."