കേരള പുനര്‍നിര്‍മാണ ഫണ്ട്; മുഖ്യമന്ത്രി യു.എ.ഇയിലെത്തി
തിരുവനന്തപുരം: കേരള പുനര്‍നിര്‍മാണത്തിന് ഫണ്ട് തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇയിലെത്തി. ബുധനാഴ്ച രാവിലെ ഏഴു മണിയോടെ ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയില്‍ ഇറങ്ങിയ മുഖ്യമന്ത്രിയെ നോര്‍ക്കാ റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ യൂസുഫലി, നോര്‍ക്ക ഡയരക്ടര്‍ ഡോ. ആസാദ് മൂപ്പന്‍ എന്നിവര്‍ സ്വീകരിച്ചു.
നാലു ദിവസങ്ങളിലായി പ്രവാസി സംഘടനകളുടെ പരിപാടിയില്‍ പങ്കെടുക്കും. മുഖ്യമന്ത്രിക്ക് അബൂദബി ദുസിത്താനി ഹോട്ടലിലാണ് താമസമൊരുക്കിയിരിക്കുന്നത്. നാല് ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ മുഖ്യന്ത്രി അബൂദബിയിലും, ദുബൈയിലും ഷാര്‍ജയിലും പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും.
ഇന്ന് പകല്‍ മുഖ്യമന്ത്രി അബുദാബിയില്‍ ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കും. വൈകട്ട് ഏഴരയ്ക്ക് ഇന്ത്യന്‍ വ്യവസായികളുടെ കൂട്ടായ്മയായ ഐ.പി.ബി.ജി., ദുസിത് താനി ഹോട്ടലില്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ വിവിധ ഇന്ത്യന്‍ സംഘടനാ പ്രതിനിധികളും വ്യവസായ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
വ്യാഴാഴ്ച വൈകീട്ട് ഏഴിന് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ 2500ഓളം വരുന്ന പ്രവാസി മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി സംസാരിക്കും. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം യു.എ.ഇ. സഹിഷ്ണുതാവകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ നിര്‍വഹിക്കും.
19 ന് ദുബൈ അല്‍ നാസര്‍ ലിഷര്‍ ലാന്റിലും, 20 ന് ഷാര്‍ജ ഷൂട്ടേഴ്‌സ് ക്ലബിലും പൊതുസമ്മേളനം നടക്കും. വിവിധ എമിറേറ്റുകളില്‍ ബിസിനസ് മീറ്റുകളും സംഘടിപ്പിക്കുന്നുണ്ട്. 21 ന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും. അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഗതാഗത സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."