ഫ്യൂജിഗംഗയുടെ പരിസ്ഥിതി ദിനാഘോഷം വ്യത്യസ്തമായി; പത്തു വര്‍ഷം മുന്‍പ് നട്ട ഇലഞ്ഞി മരത്തണലില്‍ വീണ്ടും ഒരുമിച്ചുകൂടി
തൊടുപുഴ: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി മിക്ക സംഘടനകളും നാട്ടില്‍ മുഴുവന്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്യുമ്പോള്‍ ഫ്യൂജിഗംഗ തൊടുപുഴ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമായി ചേര്‍ന്ന് സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം വ്യത്യസ്തമായി.
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്യുകയും നടുകയും ചെയ്യാറുണ്ടങ്കിലും അതിന് പിന്നീട് എന്തു സംഭവിച്ചു എന്ന് പലരും തിരക്കാറില്ല. എന്നാല്‍ അത്തരത്തില്‍ ഫ്യൂജിഗംഗയുടെ ആഭിമുഖ്യത്തില്‍ നട്ട് പരിപാലിച്ച രണ്ട് വൃക്ഷങ്ങളുടെ വാര്‍ഷികവും തുടര്‍ പരിപാലനത്തിനുള്ള നടപടികളും സ്വീകരിച്ചുകൊണ്ടാണ് വ്യത്യസ്ഥമായ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചത്. ഒപ്പം അന്നു വൃക്ഷത്തൈകള്‍ നട്ടവര്‍ വീണ്ടും വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തു ചേര്‍ന്നു എന്ന സവിശേഷതയും ഈ പരിപാടിക്കുണ്ടായിരുന്നു.
സാമൂഹിക വനവല്‍ക്കരണത്തിന്റെ ഭാഗമായി 2007ലാണ് ഫ്യൂജിഗംഗയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ ആദ്യതൈ നട്ടത്. അതു വളര്‍ന്ന് വലിയ വൃക്ഷമായി. ആ മരത്തിന്റെ പത്താം വാര്‍ഷികമാണ് ചൊവ്വാഴ്ച ആചരിച്ചത്്.
രണ്ടാമത്തെ മരം നട്ടത് 2010 ഒക്ടോബര്‍ എട്ടിനായിരുന്നു. വനം വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 'സ്‌നേഹത്തണല്‍' പദ്ധതിയുടെ ഭാഗമായാണ് അന്ന് മുതുകാട് സ്‌കൂളില്‍ എത്തിയത്. മാജിക്കിലൂടെ പ്രതീകാത്മകമായി സൃഷ്ടിച്ച ഇലഞ്ഞി മരമാണ് അന്ന് വിദ്യാര്‍ഥികളോടൊപ്പം സ്‌കൂള്‍മുറ്റത്ത് നട്ടത്. പില്‍ക്കാലത്ത് ഇവിടെ പല വികസന പ്രവര്‍ത്തനങ്ങളും നടത്തിയെങ്കിലും സ്‌കൂള്‍ അധികൃതര്‍ ഈ വൃക്ഷങ്ങളെ സംരക്ഷിച്ചു നിര്‍ത്തി. മുതുകാട് വീണ്ടണ്ടുമൊരിക്കല്‍ക്കൂടി സ്‌കൂള്‍മുറ്റത്ത് വന്നപ്പോള്‍ തൈ നട്ടുപിടിപ്പിച്ച സംഘത്തിലെ ഹസ്‌നക്ക് മാത്രമാണ് എത്താന്‍ കഴിയാതിരുന്നത്.
തൊടുപുഴ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന 'നാളേയ്ക്ക് ഒരു തണല്‍' പരിപാടിയുടെ ഉദ്ഘാടനം പി.ജെ ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. തൊടുപുഴ നഗരസഭാധ്യക്ഷ സഫിയ ജബ്ബാര്‍ അധ്യക്ഷയായി. മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് മുഖ്യാഥിതിയായി. അദ്ദേഹം കുട്ടികള്‍ക്കു മുന്‍പില്‍ മാജിക്ക് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ ടി.കെ സുധാകരന്‍ നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ ഗോപാലകൃഷ്ണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ യു എന്‍ പ്രകാശ്, ഹെഡ്മാസ്റ്റര്‍ അബ്ദുള്‍ ഖാദര്‍, ഫ്യൂജിഗംഗ പ്രസിഡന്റ് എം.ഡി ദിലീപ്, അധ്യാപകന്‍ പി.എന്‍ സന്തോഷ്, പി.ടി.എ പ്രസിഡന്റ് പി.കെ ഷാജി എന്നിവര്‍ സംസാരിച്ചു. മുതുകാടിനുള്ള മെമന്റൊ പി.ജെ ജോസഫ് എം.എല്‍.എയും മരം നട്ട കുട്ടികള്‍ക്കുള്ള മെമന്റോ മാന്ത്രികന്‍ മുതുകാടും വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."