പ്രിയതമന്റെ എവറസ്റ്റാരോഹണം
പതിവുപോലെ രാവിലെ പത്രം വായിക്കാന്‍ നോക്കിയിട്ടു കാണുന്നില്ല.
ഇതെവിടെപ്പോയി.
പലയിടത്തും പരതി. എങ്ങും കാണുന്നില്ല.
ഇന്നലെ അവധി വല്ലതുമായിരുന്നോ. അങ്ങനെയും പലപ്പോഴും പറ്റിയിട്ടുണ്ട്. നാളെ പത്രമുണ്ടാകില്ലെന്ന മുന്‍പേജിലെ അറിയിപ്പു വായിച്ചിട്ടുണ്ടാകും. എന്നാലും പിറ്റേന്ന് പത്രം കാണാതെ ഏജന്റിനെ ശപിക്കുകയും നേരില്‍ക്കണ്ടാല്‍ വഴക്കു പറയുകയുമൊക്കെ ചെയ്തിട്ടുണ്ട്. പിന്നെയാകും അവധിക്കാര്യം ഓര്‍മവരിക.
പക്ഷേ, ഇന്നലെ പൊതു അവധിയൊന്നുമായിരുന്നില്ലല്ലോ.
നിരാശനായി അങ്ങനെ നില്‍ക്കുമ്പോഴാണു പ്രിയതമയെയും അവിടെങ്ങും കാണുന്നില്ലല്ലോ എന്നോര്‍ത്തത്. പുറത്തിറങ്ങി നോക്കുമ്പോഴുണ്ട് അവിടിരുന്നു കാര്യമായ പത്രവായനയിലാണ്.
''ചേട്ടന്‍ ചൂടാവുകയൊന്നും വേണ്ട. ഇന്നു പത്രത്തില്‍ ഒരു പ്രധാനവാര്‍ത്തയുണ്ട്. അതാ രാവിലെ തന്നെ ഞാന്‍ പത്രമെടുത്തത്.'' അവളുടെ മുന്‍കൂര്‍ ജാമ്യം.
ഇന്നെന്താണാവോ പത്രത്തിലെ ഇത്ര വിശേഷ വാര്‍ത്ത. വല്ല പുതിയ സിനിമയും റിലീസായതിന്റെ വാര്‍ത്തയാവും. ഇപ്പോള്‍ അതും വാര്‍ത്തയാണല്ലോ.
ഈയിടെ റിലീസായ ഒരു സൂപ്പര്‍ ചിത്രത്തിന് ആദ്യ ദിവസം ടിക്കറ്റ് കിട്ടാത്തതില്‍ നിരാശനായി ഒരു ആരാധകന്‍ കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി മരിച്ചതും വാര്‍ത്തയായിരുന്നല്ലോ. രണ്ടാമത്തെയാഴ്ച ആ ചിത്രം തിയറ്ററുകളില്‍ നിന്ന് അപ്രത്യക്ഷമായതു മറ്റൊരു വാര്‍ത്ത.
''ഏതായാലും പത്രമിങ്ങു താ, ഇത്ര വിശേഷപ്പെട്ട വാര്‍ത്തയെന്താണെന്നു ഞാനുമൊന്നു നോക്കട്ടെ.''
''ഇതു മനസ്സിരുത്തി രണ്ടുമൂന്നു പ്രാവശ്യം വായിക്ക്.'' പ്രിയതമ വാര്‍ത്ത കാണിച്ചു തന്നു.
വിവാഹവാര്‍ഷികത്തില്‍ ഭാര്യക്കു സമ്മാനമായി അറുപതുകാരന്‍ എവറസ്റ്റ് കീഴടക്കി. ഒരു ഗള്‍ഫ് പൗരനാണത്രേ അപൂര്‍വമായ ഈ വിവാഹസമ്മാനം ഭാര്യക്കു നല്‍കിയത്.
42 വര്‍ഷത്തെ സന്തോഷകരമായ ദാമ്പത്യജീവിതത്തില്‍ ഭാര്യക്കു നന്ദി പ്രകാശിപ്പിക്കാനാണുപോലും പാവം ഈ പെടാപ്പാടു പെട്ടത്.
''ഇതിലെന്തു വാര്‍ത്തയിരിക്കുന്നു. വാര്‍ത്ത വരാന്‍വേണ്ടി ഓരോരുത്തര്‍ ഇതിലപ്പുറവും ചെയ്യും. ചിലപ്പോള്‍ വര്‍ഷം 42 ആയില്ലേ. എങ്ങനെയെങ്കിലും ഒന്നൊഴിവായിക്കിട്ടട്ടെയെന്നു കരുതി ഭാര്യ തന്നെ പറഞ്ഞു വിട്ടതാകാനും മതി.''പ്രിയതമയ്ക്കു പ്രശ്‌നം നിസ്സാരവല്‍ക്കരിച്ചതു തീരെ ഇഷ്ടപ്പെട്ടില്ല, ''അതെന്തുമാകട്ടെ, എല്ലാ ഭര്‍ത്താക്കന്മാര്‍ക്കും ഇതൊരു മാതൃകയാകട്ടെയെന്നാണു ഞാനുദ്ദേശിച്ചത്.''
''എല്ലാ ഭര്‍ത്താക്കന്മാരും എവറസ്റ്റിലേയ്ക്കു പോകണമെന്നാണോ നീ പറയുന്നത്.''
''അതേ, സത്യം പറയാമല്ലോ എല്ലാ ഭാര്യമാര്‍ക്കും ഏറ്റവും സന്തോഷം നല്‍കുന്ന കാര്യമായിരിക്കുമത്.ഒന്നുമില്ലെങ്കിലും തിരിച്ചുവരുംവരെയെങ്കിലും അവര്‍ക്ക് ഒരു സമാധാനം കിട്ടുമല്ലോ. ഇനിയെങ്ങാനും തിരിച്ചുവന്നില്ലെങ്കില്‍ അതുമായി.''
ഏതായാലും പ്രിയതമ ഉദ്ദേശിച്ചത് എന്നെയല്ലെന്ന് ആശ്വസിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഇങ്ങനെയാണു വാര്‍ത്തകളുടെ പോക്കെങ്കില്‍ ഭാര്യ പത്രം വായിക്കാതിരിക്കുന്നതു തന്നെ നല്ലത് !
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."