കൈവിട്ട സ്റ്റേഡിയം തിരികെ ലഭിക്കാന്‍ കൊയിലാണ്ടി ഹൈസ്‌കൂള്‍ രംഗത്ത്
കൊയിലാണ്ടി: സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അധീനതയിലുള്ള കൊയിലാണ്ടി സ്റ്റേഡിയം കൊയിലാണ്ടി ഹൈസ്‌കൂളിന് തന്നെ തിരിച്ച് കിട്ടണമെന്ന ആവശ്യം ശക്തമാകുന്നു. ഹൈസ്‌കൂള്‍ മൈതാനി എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായിരുന്ന നെഹ്‌റുവും, ഇന്ദിരാഗാന്ധിയും, രാജീവ് ഗാന്ധിയും പ്രസംഗിച്ച സ്ഥിരംവേദി ഉള്‍പ്പടെ പൊളിച്ച് നീക്കിയാണ് ഇന്ന് കാണുന്ന സ്റ്റേഡിയം നിര്‍മ്മിച്ചത്.
പി. വിശ്വന്‍ എം.എല്‍.എയായ സമയത്താണ് ഹൈസ്‌കൂള്‍ മൈതാനിയായി അറിയപ്പെട്ടിരുന്ന സ്ഥലം റവന്യൂ വകുപ്പില്‍ നിന്നും സ്‌പോര്‍ട് കൗണ്‍സില്‍ ഏറ്റെടുക്കുന്നത്. സ്‌കൂള്‍ പരിപാടികളും ,കായിക മേളകളുംനടന്ന് വന്നിരുന്ന മൈതാനി നഷ്ടമായതിലൂടെ കായികരംഗം വലിയ പ്രതിസന്ധികള്‍ നേരിടുന്നുവെന്നാണ് അറിയുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ നിരവധി താരങ്ങള്‍ കളി പഠിച്ച ഒരു മൈതാനിയാണ് കായികരംഗത്തിന് വേദിയാകാതെ നിഷ്പ്രഭമാകുന്നത്.
യൂനിയന്‍ ബാങ്ക്, കല്‍ക്കത്ത മുഹമ്മദന്‍സ്, റ്റാറ്റാസ്, മഹീന്ദ്ര & മഹീന്ദ്രാസ്, എച്ച്.എ.എല്‍ ബംഗളൂരു, എയര്‍ഫോഴ്‌സ്, സര്‍വ്വീസസ് എന്നീ വന്‍കിട ടീമുകളില്‍ കളിച്ചവരുടെ പരിശീലന കേന്ദ്രമായിരുന്നു ഈ മൈതാനം, സ്‌കൂള്‍ ആവശ്യങ്ങള്‍ക്ക് പൂര്‍ണമായും മൈതാനം വിട്ട് നല്‍കുമെന്ന വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നില്ലെന്ന ആക്ഷേപവും നിലവിലുണ്ട്. മൈതാനം സ്‌കൂളിന്റെ അധീനതയിലുള്ള കാലത്ത് രാഷട്രീയ പാര്‍ട്ടികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പൊതുപരിപാടികളും മറ്റും നടത്തുന്നതിന് അനുമതി ലഭിച്ചിരുന്നു.
ഇന്ന് ഒരു പരിപാടി നടത്തണമെങ്കില്‍ കോഴിക്കോട് മാനാഞ്ചിറ മൈതാനിക്ക് സമീപമുള്ള കൗണ്‍സിലിന്റെ ഓഫിസില്‍ എത്തി സെക്യൂരിറ്റി തുകവരെ അടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. 40 മുറികള്‍ക്കായി വാടകയിനത്തില്‍ നല്ലൊരു തുക പ്രതിമാസം കൗണ്‍സിലിന് ലഭിക്കുന്നുണ്ടങ്കിലും ആവശ്യമായ സൗകര്യങ്ങളൊന്നുമില്ലാത്ത കെട്ടിടങ്ങളിലാണ് വ്യാപാര സ്ഥാപനങ്ങള്‍ നടന്ന് വരുന്നത്. നിലവിലുള്ള സ്റ്റേഡിയത്തില്‍ ഉപജില്ലാ തലത്തിലുള്ള കായിക മേളകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ പോലും ഇല്ലാത്തത് പലപ്പോഴും വാക്ക് തര്‍ക്കങ്ങള്‍ക്ക് അവസരമാവാറുണ്ട്. സ്റ്റേഡിയത്തില്‍ പ്രാഥമിക കാര്യങ്ങള്‍ക്ക് രണ്ട് മുറികള്‍ മാത്രമാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഇത് കാരണം അത്‌ലറ്റുകളും, പരിശീലകരും, അധ്യാപകരും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. 25 വര്‍ഷത്തേക്കാണ് സ്റ്റേഡിയം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ലീസിന് വാങ്ങിയിരിക്കുന്നതെങ്കിലും സമയം വര്‍ധിപ്പിക്കണമെന്നാവശ്യത്തില്‍ റവന്യുവുമായി തര്‍ക്കത്തില്‍ വിഷയം കോടതിയിലെത്തിയതായാണ് വിവരം.
വാടകയിനത്തില്‍ വന്‍ തുക കുടിശ്ശിക വരുത്തിയതായും അറിയുന്നു. കോഴിക്കോടിനും വടകരക്കുമിടയില്‍ ലെവന്‍സ് ഫുട്‌ബോളിന് സൗകര്യമൊരുക്കാന്‍ സാഹചര്യമുള്ള ഈ മൈതാനം സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും തിരിച്ച് വാങ്ങി കൊയിലാണ്ടി നഗരസഭക്ക് കൈമാറാനുള്ള നടപടികള്‍ ഉണ്ടാവണമെന്നാണ് കായികരംഗവും നാട്ടുകാരും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."