സംസ്ഥാനത്തെ സഹകരണമേഖല വഴിത്തിരിവില്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്
വടകര: സംസ്ഥാനത്തെ സഹകരണമേഖല വഴിത്തിരിവിലെത്തി നില്‍ക്കുകയാണെന്ന് സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. കേരളത്തിന്റേതായ സ്വന്തം ബാങ്ക് സഹകരണമേഖലയില്‍ വരാന്‍പോകുന്നു. ഏത് പുതുതലമുറ ബാങ്കിനെയും വെല്ലുംവിധത്തിലുള്ള സൗകര്യങ്ങളും സേവനങ്ങളുമായാണ് കേരള ബാങ്ക് വരുന്നതെന്നും മന്ത്രി പറഞ്ഞു.
ചോറോട് സര്‍വിസ് സഹകരണബാങ്കിന്റെ നവീകരിച്ച ചോറോട് മെയിന്‍, വരിശ്യക്കുനി ശാഖകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എസ്.ബി.ടിയെ മലയാളികള്‍ സ്വന്തം ബാങ്കെന്ന ഗൃഹാതുരതയോടെയാണ് കണ്ടിരുന്നത്. എന്നാല്‍ എസ്.ബി.ഐയില്‍ ലയിച്ചതോടെ നമ്മള് ആശങ്കപ്പെട്ടതെല്ലാം ശരിയാണെന്ന് തെളിയുകയാണ്.
സമീപകാലത്തുള്ള സംഭവങ്ങള്‍ ഇതാണു തെളിയിക്കുന്നത്. നോട്ടുനിരോധനത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി സഹകരണമേഖല മറികടന്നത് ജനങ്ങളുടെ പിന്തുണ കൊണ്ടാണ്. സര്‍ക്കാരും ശക്തമായ പിന്തുണ നല്കി. ഒന്നരലക്ഷം കോടിയാണ് സഹകരണ മേഖലയിലെ നിക്ഷേപം. ഇത് വര്‍ധിച്ചു വരുന്നു. അത് പോലെ സഹകരണമേഖല സമൂഹത്തിന്റെ വിവിധമേഖലകളിലും ഇടപെടുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപനം സി.കെ. നാണു എംഎല്‍എ നിര്‍വഹിച്ചു.
ബാങ്കിന്റെ സാന്ത്വനപരിചരണ സഹായപദ്ധതി പാലേരി രമേശന് ഉദ്ഘാടനം ചെയ്തു. ഹൊറൈസണ്‍ ഹാബിറ്റാറ്റ് പുരസ്കാരം നേടിയ പാലേരി രമേശന് പി.സതീദേവിയും മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയ പ്രദീപ് കുമാറിന് ടി.കെ രാജനും ഉപഹാരം നല്കി. വിരമിക്കുന്ന സെക്രട്ടറി വി. ദിനേശന് ചടങ്ങില്‍ യാത്രയയപ്പ് നല്കി. മന്ത്രി ഉപഹാരം സമ്മാനിച്ചു. ബാങ്ക് പ്രസിഡന്റ് പി. കുഞ്ഞികൃഷ്ണന് അധ്യക്ഷനായി.
ടി.വി ബാലന്, എന്‍. നിധിന്, അമ്പലത്തില്‍ വിജില, എ.കെ അഗസ്തി, ഇ.എം ദയാനന്ദന്, പി.എം അശോകന്, സോമന് മുതുവന, പി.പി രാജന്, മുക്കോലക്കല്‍ ഹംസ, പി. സത്യനാഥന്, എ.പി വിജയന്, സി.കെ വിജയന്, വി.പി കൃഷ്ണന്, കെ.സി ചന്ദ്രന്, എം. സത്യനാഥന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."