കാംപസിനുള്ളിലെ രാഷ്ട്രീയ പ്രവര്‍ത്തനം: നിര്‍ദേശങ്ങളുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: കാംപസിനുള്ളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിക്കാന്‍ കോളജ് അധികൃതര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന ഹൈക്കോടതി ഉത്തരവ് കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. കെ.എസ്.യുവും സോജന്‍ ഫ്രാന്‍സിസും തമ്മിലുള്ള കേസില്‍ 2003ലാണ് ഹൈക്കോടതി ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയത്. കാംപസിനുള്ളില്‍ ഔദേ്യാഗിക കാര്യങ്ങള്‍ക്കല്ലാതെ കുട്ടികള്‍ നടത്തുന്ന യോഗങ്ങള്‍ നിരോധിക്കാന്‍ കോളജ് അധികൃതര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി വിധിയിലുണ്ട്.
യൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിനി കാംപസില്‍ ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. കേസില്‍ കോളജ് വിദ്യാഭ്യാസ ഡയരക്ടര്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിദ്യാര്‍ഥി സംഘടനകളെ കാംപസുകളില്‍ കര്‍ശനമായി നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് കോളജ് വിദ്യാഭ്യാസ ഡയരക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കാംപസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം. പരാതി പരിഹാര സെല്‍, റാഗിങ്‌വിരുദ്ധ കമ്മിറ്റി, അച്ചടക്ക കമ്മിറ്റി തുടങ്ങിയവ വേണം. കൗണ്‍സിലിങ് സെന്ററുകള്‍ സ്ഥാപിക്കണം. അക്കാദമിക്, ഹാജര്‍ നിരീക്ഷണ കമ്മിറ്റികള്‍ രൂപീകരിക്കണം. ക്ലാസ് തലത്തില്‍ അധ്യാപക-രക്ഷാകര്‍തൃസമിതി രൂപീകരിക്കണം. പ്രിന്‍സിപ്പല്‍ നിയമനം ജൂണ്‍ ആദ്യം നടത്തണം. 15ല്‍ കൂടുതല്‍ വകുപ്പുകള്‍ ഉണ്ടെങ്കില്‍ രണ്ട് വൈസ് പ്രിന്‍സിപ്പല്‍മാരെ നിയമിക്കണം. കാംപസ് രാഷ്ട്രീയം കര്‍ശന നിയന്ത്രത്തോടെ തുടരാം. എന്നാല്‍ ലിംഗ്‌ദോ കമ്മിറ്റി ശുപാര്‍ശകള്‍ കോളജുകള്‍ക്ക് സ്വയം നടപ്പാക്കാം.
വൈകിട്ട് അഞ്ചിന് ശേഷം കാംപസില്‍ വിദ്യാര്‍ഥികള്‍ നില്‍ക്കരുത്. പരീക്ഷാ ഹാള്‍, പ്രിന്‍സിപ്പല്‍ ചേംബര്‍, ഓഫിസ്, നിര്‍ദിഷ്ട സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സി.സി.ടി.വി സ്ഥാപിക്കണം. പഠനം പൂര്‍ത്തിയാക്കിയവരെ കോളജില്‍ തുടരാന്‍ അനുവദിക്കരുത്. കോളജ് യൂനിയന്‍ പ്രവര്‍ത്തനവൈകല്യം സ്റ്റാഫ് അഡൈ്വസറുടെ കാര്യക്ഷമതയില്ലാത്തതായി കണക്കാക്കി നടപടിയെടുക്കണം. കലാ-കായിക പരിപാടികളുമായി ബന്ധപ്പെട്ട് അക്രമമുണ്ടായാല്‍ യൂനിയന്‍ അംഗങ്ങള്‍ക്ക് പങ്കുണ്ടെങ്കില്‍ യൂനിയന്‍ പിരിച്ചുവിടണം.
കോപ്പിയടിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണം. യു.ജി.സി നിര്‍ദേശമനുസരിച്ച് അധ്യാപകര്‍ ആഴ്ചയില്‍ 40മണിക്കൂര്‍ കാംപസിലുണ്ടാകണം. പ്രൈവറ്റ് രജിസ്‌ട്രേഷന്‍, വിദൂര വിദ്യാഭ്യാസം തുടങ്ങിയവയുടെ പരീക്ഷ നടത്താന്‍ കോളജുകള്‍ തെരഞ്ഞെടുക്കരുത്.
സെമസ്റ്റര്‍ പരീക്ഷ, ഫലം എന്നിവയിലെ കാലതാമസം സര്‍വകലാശാലയുടെ വീഴ്ചയാണെന്നും കോളജ് വിദ്യാഭ്യാസ അഡിഷനല്‍ ഡയരക്ടര്‍ ഡോ. അജിത പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ഈ ശുപാര്‍ശകളെല്ലാം നടപ്പാക്കണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."