ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി പരാതി
കോഴിക്കോട്: ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി പരാതി.
കരുനാഗപ്പള്ളി സ്വദേശിനി അര്‍ച്ചനയെയാണ് കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരിക്കുന്നത്.
കോഴിക്കോട്ടെ പ്രമുഖ ഇലക്‌ട്രോണിക്‌സ് കടയിലെ സെയില്‍സ് വിഭാഗം ജീവനക്കാരിയായ അര്‍ച്ചന കഴിഞ്ഞ ദിവസമാണ് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ നിന്നും മാലയിട്ട് വ്രതമാരംഭിച്ചത്. മാലയിടുന്ന വിവരം നേരത്തെ തന്നെ സ്ഥാപന അധികൃതരേയും മറ്റ് ജീവനക്കാരെയും അറിയിച്ചിരുന്നുവെന്നും എന്നാല്‍ ചൊവ്വാഴ്ച ജോലിയില്‍ പ്രവേശിക്കേണ്ടെന്ന് അറിയിക്കുകയായിരുന്നുവെന്ന് അര്‍ച്ചന പറഞ്ഞു.
എന്നാല്‍ ശബരിമലയില്‍ പോകണമെന്നും അയ്യപ്പനെ തൊഴണമെന്നുമാണ് ആഗ്രഹമെന്നും അതിന്റെ പേരിലുണ്ടാകുന്ന ഏത് പ്രതിസന്ധിയെയും തരണം ചെയ്യുമെന്നും അവര്‍ പറഞ്ഞു.
അതിനിടെ യുവതി സെയില്‍സ് വിഭാഗത്തിലായതിനാല്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാകുമെന്നും അതിനാല്‍ അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.
ഉത്സവ സീസണില്‍ ജോലിക്കെടുക്കുന്ന തല്‍ക്കാലിക ജീവനക്കാരിയാണ് ഇവരെന്നും കമ്പനി വിശദീകരിച്ചു.
അതേസമയം കോഴിക്കോടു നിന്നും ശബരിമലയിലേക്ക് പോകാന്‍ അര്‍ച്ചനയുള്‍പ്പെടെ 30 ലേറെ സ്ത്രീകള്‍ വ്രതം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."