നീണ്ട പോരാട്ടത്തിനൊടുവില്‍ കല്ല്യാണിഗ്രൗണ്ട് ഫാത്തിമക്കുട്ടിക്ക് തിരിച്ചുകിട്ടി
നിലമ്പൂര്‍: തര്‍ക്കം നിലനില്‍ക്കുന്ന കല്യാണി ഗ്രൗണ്ട് കോടതിയുടെ ഇടപെടലില്‍ ഉടമക്ക് തിരിച്ചു നല്‍കി. ഏറെക്കാലം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷനു സമീപമുള്ള കല്ല്യാണി ഗ്രൗണ്ട് കോടതി ഉത്തരവുപ്രകാരം ഉടമയെന്ന് അവകാശപ്പെട്ടു രംഗത്തു വന്ന കണ്ണാട്ടില്‍ ഫാത്തിമക്കുട്ടിക്ക് സ്വന്തമായത്. കോടതി നിയമിച്ച ആമീന്റെ സാന്നിധ്യത്തില്‍ വന്‍ പൊലിസ് സന്നാഹത്തോടെയാണ് ഇന്നലെ ഭൂമി അളന്ന് തിട്ടപ്പെടുത്തി നല്‍കിയത്.
സര്‍വേ നമ്പര്‍ 1692ല്‍ ബ്ലോക്ക് 93ല്‍ പെട്ട രണ്ട് ഏക്കര്‍ 72 സെന്റ് സ്ഥലത്തില്‍ തനിക്ക് പിതാവ് ഓഹരിയായി നല്‍കിയ 1.08ഏക്കര്‍ സ്ഥലമാണ് കല്യാണി ഗ്രൗണ്ടായി കിടന്നിരുന്നത്. ഫാത്തിമക്കുട്ടി 2007ല്‍ കല്യാണി ഗ്രൗണ്ട് സ്ഥിതിചെയ്തിരുന്ന സ്ഥലം തന്റെതാണെന്ന് കാണിച്ച് മുന്‍സിഫ് കോടതിയെയും ജില്ലാകോടതിയെയും സമീപിക്കുകയായിരുന്നു. വര്‍ഷങ്ങളായി നാട്ടുകാര്‍ കളിക്കളമായി ഉപയോഗിക്കുന്ന കല്ല്യാണി ഗ്രൗണ്ടില്‍ അവകാശവാദവുമുന്നയിച്ച് കോടതിയെ സമീപിച്ചെങ്കിലും കോടതി ഫാത്തിമക്ക് അനുകൂലമായി വിധി പുറപ്പെടുവച്ചിരുന്നു. കളിസ്ഥലമായി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാരും കല്യാണി ഗ്രൗണ്ട് സംരക്ഷണ സമിതിയും കോടതിയിലെത്തിയിരുന്നു. മതിയായ രേഖകളുമായി ഫാത്തിമക്കുട്ടി അവകാശവാദവുമായെത്തിയെങ്കിലും വര്‍ഷങ്ങളായി തങ്ങള്‍ കളിസ്ഥലമായി ഉപയോഗിച്ച് വരുന്ന ഗ്രൗണ്ട് വിട്ടുതരില്ലെന്ന് പറഞ്ഞ് ഗ്രൗണ്ട് സംരക്ഷണസമിതി രംഗത്തെത്തിയതോടെയാണ് ഭൂമിതര്‍ക്കം രൂക്ഷമായത്.
തര്‍ക്ക ഭൂമി ഫാത്തിമക്കുട്ടിക്ക് അവകാശപ്പെട്ടതാണെന്ന് കാണിച്ച് മഞ്ചേരി മുന്‍സിഫ് കോടതി വിധിച്ചു. ഇതിനെതിരെ ഗ്രൗണ്ട് സംരക്ഷണസമിതി നല്‍കിയ അപ്പീല്‍ 2015 ല്‍ ജില്ലാ കോടതി തള്ളി. തുടര്‍ന്ന് പലതവണ ഉടമ അതിരിട്ട് ഭുമിക്ക് ചുറ്റും വേലി സ്ഥാപിച്ചെങ്കിലും ഇതെല്ലാം തകര്‍ക്കപ്പെട്ടു. ഭൂമി വീണ്ടും പ്രദേശവാസികള്‍ ഗ്രൗണ്ടായി ഉപയോഗിച്ച് വരുകയായിരുന്നു. ഭൂമി അളന്ന് തിട്ടപ്പെടുത്തി നല്‍കണമെന്നാവശ്യപ്പെട്ട് ഫാത്തിമക്കുട്ടി കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് മുന്‍സിഫ് കോടതിയില്‍ നിന്നും ആമീനും സംഘവുമെത്തിയത്. ഇതിനുമുമ്പ് ഭൂമി അളന്നുതിട്ടപ്പെടുത്താന്‍ എത്തിയപ്പോള്‍ നാട്ടുകാരും കല്ല്യാണി ഗ്രൗണ്ട് സംരക്ഷണ സമിതിയും ഇത് തടഞ്ഞിരുന്നു.
ഇതേത്തുടര്‍ന്നാണ് സ്ഥലത്തിന്റെ അതിര്‍ത്തി നിര്‍ണയത്തിനായി കോടതിയെ സമീപിച്ചത്. ആമീന്‍ സുബ്ബരായനു പുറമെ കോടതി നിയമിച്ച കമ്മീഷന്‍ കെ. ആസിഫ് ഇക്ക്ബാലും ഹൈക്കോടതി അഭിഭാഷകന്‍ അലക്‌സാണ്ടര്‍ ജോര്‍ജ്, നിലമ്പൂര്‍ സി.ഐ കെ.എം ദേവസ്യ, എസ്.ഐമാരായ മനോജ് പറയറ്റ, കെ.എം സന്തോഷ്, കെ.ബിജേഷ്, കെ.പി മനേഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസും സ്ഥലത്തെത്തിയിരുന്നു. മഞ്ചേരി താലൂക്ക് സര്‍വെയര്‍ രാജന്റെ നേതൃത്വത്തില്‍ 11.30ഓടെ ആരംഭിച്ച സര്‍വേ നടപടികള്‍ 2.30ഓടെ പൂര്‍ത്തീകരിച്ചു. വേലിക്കല്ല് നാട്ടി കമ്പിയിട്ട് ഭൂമി തിട്ടപ്പെടുത്തിയശേഷമാണ് സംഘം മടങ്ങിയത്. നാട്ടുകാരില്‍ നിന്നും എതിര്‍പ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വനിതാ പൊലിസുള്‍പ്പെടെ വന്‍ സന്നാഹത്തെ ഗ്രൗണ്ടില്‍ വിന്യസിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."