വേണം കല്‍പ്പറ്റക്ക് ട്രാഫിക് സിഗ്നല്‍ സിസ്റ്റം
കല്‍പ്പറ്റ: ജില്ലാ ആസ്ഥാനമായി കല്‍പ്പറ്റയിലെ ഗതാഗത കുരുക്ക് അഴിയാതെ തുടരുന്നു. ബൈപാസ് റോഡുണ്ടെങ്കിലും ഇത് കാര്യക്ഷമമായി ഉപയോഗപ്പെടുത്താത്തതും ട്രാഫിക് സിഗ്നല്‍ സംവിധാനത്തിന്റെ അഭാവവുമാണ് നഗരത്തിലെ പ്രധാന വില്ലന്‍മാര്‍.
എവിടെ നിന്ന് വേണമെങ്കിലും യു ടേണ്‍ എടുക്കാനുള്ള സ്വാതന്ത്ര്യവും ഗതാഗത കുരുക്കിന്റെ മറ്റൊരു കാരണമാണ്. ഓട്ടോറിക്ഷ ഉള്‍പെടെയുള്ള ചെറിയ വാഹനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെയാണ് നഗരവീതിയില്‍ എവിടെ നിന്നും നേരെ എതിര്‍ ദിശയിലേക്ക് വാഹനം തിരിക്കുന്നത്. ഇത് ഗതാഗത കുരുക്കിന് പുറമേ അപകടങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.
നഗരത്തിലെ പ്രധാന ജങ്ഷനുകളായ ചുങ്കം, ആനപ്പാലം എന്നിവിടങ്ങളില്‍ നിന്നാണ് നരഗത്തിലെ ഗതാഗത കുരുക്ക് ആരംഭിക്കുന്നത്. ഇവിടെ ട്രാഫിക് സിഗ്നല്‍ സിസ്റ്റം ഇല്ലാത്തതിനാല്‍ കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നിലയിലാണ് കാര്യങ്ങള്‍.
ചുങ്കം ജങ്ഷനില്‍ ഹോംഗാര്‍ഡുകള്‍ ഡ്യൂട്ടിയിലുണ്ടാകാറുണ്ടെങ്കിലും ഗതാഗത കുരുക്കിന് പരിഹാരമാകാറില്ല. പലപ്പോഴും ബൈപ്പാസിലൂടെ മാത്രം സഞ്ചരിക്കേണ്ട വലിയ വാഹനങ്ങള്‍ നഗരത്തിലൂടെ എത്തുന്നതും ഗതാഗതം താറുമാറാക്കാറുണ്ട്. ദിനവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ സുഗമമായ ഗതാഗത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ ഇതുവരെ അധികൃതര്‍ തയാറായിട്ടില്ല. പലപ്പോഴും ആംബുലന്‍സുകള്‍ ഉള്‍പെടെ കുരുക്കില്‍ പെടുന്നതും പതിവാണ്.
കല്‍പ്പറ്റയിലെ പ്രധാന ജങ്ഷനുകളില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനവും യു ടേണ്‍ പൊസിഷനുകള്‍ മാര്‍ക്ക് ചെയ്യുകയും ചെയ്താല്‍ ഒരു പരിധി വരെ ടൗണിലെ ഗതാഗത കുരുക്കിന് അറുതി വരുത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."