തദ്ദേശ സ്ഥാപനങ്ങളുടെ കോഴിക്കൂട്, കറവപ്പശു വാങ്ങല്‍ സബ്‌സിഡികളില്‍ ഭേദഗതി
കൊണ്ടോട്ടി: തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് കോഴിക്കൂടിന് അനുവദിക്കുന്ന സബ്‌സിഡിയിലും കറവപ്പശുക്കളെ വാങ്ങുന്നതിന് ബാങ്ക് വായ്പ എടുത്തവരുടെ പലിശ അടക്കുന്നതിലും ഭേദഗതി. സംസ്ഥാനതല വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാന കോഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഭേദഗതി. തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് കോഴിക്കൂടിന് അനുവദിച്ചിരുന്ന സബ്‌സിഡി 50 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കി വെട്ടിക്കുറച്ചിട്ടുമുണ്ട്. സംസ്ഥാനതല വികേന്ദ്രീകൃത ആസൂത്രണ ഏകോപന സമിതി കഴിഞ്ഞ മെയ് മാസത്തിലാണ് കോഴിക്കൂടിന് 50 ശതമാനം സബ്‌സിഡി അനുവദിക്കാന്‍ നിര്‍ദേശിച്ചത്. പിന്നീട് നടന്ന യോഗത്തില്‍ സബ്‌സിഡി പകുതിയായി കുറക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
അടുക്കളമുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതി പ്രകാരം ധനസഹായം നല്‍കുമ്പോള്‍ ഗുണഭോക്താവ് കോഴിക്കൂടുകള്‍ വാങ്ങണമെന്ന നിബന്ധനയില്‍ ഇളവും നല്‍കിയിട്ടുണ്ട്. മുട്ടക്കോഴി വിതരണത്തിന് തിരഞ്ഞെടുത്തവര്‍ സ്വന്തമായി കൂടുണ്ടെന്ന സാക്ഷ്യപത്രം നല്‍കിയാല്‍ മതി. പുതിയ കൂട് വാങ്ങാത്തവര്‍ക്ക് കൂടിനുള്ള സബ്‌സിഡി അനുവദിക്കുകയുമില്ല. കറവപ്പശുക്കളെ വാങ്ങുന്നതിന് ബാങ്ക് വായ്പ എടുക്കുകയാണെങ്കില്‍ വായ്പയുടെ പലിശ തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍ പശുവിനെ വാങ്ങുന്നതിന് മാര്‍ഗരേഖ പ്രകാരം സബ്‌സിഡി ലഭിച്ച ഗുണഭോക്താക്കള്‍ അതിന്റെ ഗുണഭോക്തൃ വിഹിതം കണ്ടെത്തുന്നതിന് ബാങ്ക് വായ്പ എടുത്തിട്ടുണ്ടെങ്കില്‍ ഇതിന്റെ പലിശ തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് പുതിയ നിര്‍ദേശം. എന്നാല്‍ സബ്‌സിഡിയില്ലാതെ പശുക്കളെ വാങ്ങാന്‍ വായ്പ എടുത്തവരുടെ പലിശ തദ്ദേശ സ്ഥാപനങ്ങള്‍ അടക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."