ക്രിക്കറ്റ് പാഡണിഞ്ഞ ഫുട്‌ബോളര്‍
നിസാം കെ. അബ്ദുല്ല
കല്‍പ്പറ്റ: മാനന്തവാടിക്കാരി സജന സജീവന് ജീവിതം പോലെത്തന്നെയാണ് കായിക മേഖലയും. കായിക മേഖലയുടെ വ്യത്യസ്ത തലങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുകയാണ് ഈ വയനാട്ടുകാരി. ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി കേരളം ഒരു വനിതാ ചാംപ്യന്‍ഷിപ്പ് നേടിയപ്പോള്‍ മുന്നില്‍നിന്ന് നയിച്ച സജന ഇന്ന് കാല്‍പന്തിലും തന്റെ മികവ് തെളിയിക്കുകയാണ്.
തിരുവല്ലയില്‍ നടന്ന സീനിയര്‍ വനിതാ ഫുട്‌ബോള്‍ ടീം സെലക്ഷനില്‍ പങ്കെടുത്ത സജന 30 അംഗ സാധ്യതാ ടീമില്‍ ഇടം നേടിയാണ് കാല്‍പന്തിലും തന്റെ പ്രാവീണ്യം തെളിയിച്ചിരിക്കുന്നത്. മധ്യനിരയില്‍ കളിമെനയാനാണ് സജനക്ക് മിടുക്ക്.
ഹൈസ്‌കൂള്‍ പഠന കാലത്ത് വയനാട് ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ജാവലിങ് ത്രോയിലും ഷോട്പുട്ടിലും ഹൈജംപിലും ഒന്നാമതെത്തിയ സജനയുടെ കായിക ജീവിതം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ക്രിക്കറ്റിലും ഫുട്‌ബോളിലും സംസ്ഥാന ക്യാംപിലും ആണ്.
ഹൈസ്‌കൂള്‍ തലത്തില്‍ അത്‌ലറ്റിക്‌സില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സജന പ്ലസ്ടുവിന് പഠിക്കുമ്പോഴായിരുന്നു ക്രിക്കറ്റ് ക്രീസിലേക്കെത്തുന്നത്.
അവിടെനിന്ന് സജന കൈപിടിയിലൊതുക്കിയ നേട്ടങ്ങള്‍ നിരവധിയാണ്. 2014-15 സീസണില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്‌പെഷല്‍ പെര്‍ഫോമന്‍സ് അവാര്‍ഡ് നേടിത്തുടങ്ങിയ സജന രണ്ടുവര്‍ഷം തുടര്‍ച്ചയായി കേരള ക്രിക്കറ്റ് അസോസിയേഷന്റെ വുമണ്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടു.
ഇതിനോടകം തന്നെ കേരള ക്രിക്കറ്റില്‍ വനിതാ ടീമിലെ അഭിവാജ്യ ഘടകമായും സജന മാറിയിരുന്നു. അണ്ടര്‍-23 ടീമിന്റെ നായികയായും സീനിയര്‍ ടീമിന്റെ ഉപനായികയായും സജന തിളങ്ങി. ഈ കാലത്താണ് ക്രിക്കറ്റ് ചരിത്രത്തില്‍ കേരളം ആദ്യമായി ഒരു വനിതാ ചാംപ്യന്‍ഷിപ്പ് നേടുന്നത്.
ഈ ടൂര്‍ണമെന്റിലെ മികവ് സജനക്ക് ചലഞ്ചര്‍ ട്രോഫിയിലേക്കുള്ള അണ്ടര്‍-23 ടീമില്‍ ഇടംനേടിക്കൊടുത്തു. അന്ന് ഇന്ത്യ റെഡിനായി കളത്തിലിറങ്ങിയ സജനയുടെ പ്രകടന മികവ് അവര്‍ക്ക് സീനിയര്‍ ചലഞ്ചര്‍ ട്രോഫി ടീമിലേക്കും വഴി തുറന്നുകൊടുത്തു.
വേദ കൃഷ്ണമൂര്‍ത്തി നായികയായ ഇന്ത്യ ഗ്രീനില്‍ വനിതാ ക്രിക്കറ്റിലെ ഇന്ത്യന്‍ ഇതിഹാസമായ ജുലന്‍ ഗോസ്വാമിക്കൊപ്പം പന്തെറിയാന്‍ സജനക്കായി. അന്ന് ഇന്ത്യ ബ്ലൂസിനെ നയിച്ചത് ഇന്ത്യയുടെ വനിതാ സച്ചിന്‍ മിഥാലി രാജായിരുന്നു.
മത്സരത്തില്‍ മിഥാലിയെ മനോഹരമായ ക്യാച്ചിലൂടെ സജന പവലിയനിലേക്ക് മടക്കി അയച്ചതും ഈ മത്സരത്തിലായിരുന്നു.
ഈ ടൂര്‍ണമെന്റിനിടക്ക് ക്രിക്കറ്റ് വിഷയമാക്കിയെടുത്ത കന എന്ന തമിഴ് സിനിമയിലും സഹനടിയായി സജന തന്റെ കൈയൊപ്പ് ചാര്‍ത്തി. ഓഫ് ബ്രേക്ക് ബൗളറും വലംകൈ ബാറ്റ്‌സ്‌വുമണുമായ സജന ക്രിക്കറ്റില്‍ ഉയരങ്ങള്‍ കീഴടക്കുന്നതിനിടെയാണ് കാല്‍പന്തിലും ഒരുകൈ നോക്കാനായി കളത്തിലിറങ്ങുന്നത്. ''കളിയോ മൈതാനമോ അല്ല പ്രധാനം, അതില്‍ തന്റെയൊരു കൈയൊപ്പ് ഉണ്ടാവുകയെന്നതാണ് താന്‍ ആഗ്രഹിക്കുന്നത്. അതിന് വേണ്ടി പരിശ്രമിക്കുന്നതില്‍ ഞാന്‍ മടി കാണിക്കാറുമില്ല. ഇതായിരിക്കാം ചിലപ്പോള്‍ കായികമേഖലയില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ തന്നെ സഹായിക്കുന്നത്. അത് ഇനിയും തുടരാനാണ് തീരുമാനം''. സജന സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."