ക്ലാസ്‌റൂമിലെ കംപ്യൂട്ടറിന് കുട്ടിപ്പട്ടാളം കാവലിരിക്കും
മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകളിലെ കംപ്യൂട്ടറുകള്‍ക്ക് പരിശീലനം നേടിയ കുട്ടിപ്പട്ടാളം കാവലിരിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ഹൈടെക് സ്‌കൂള്‍ പദ്ധതിയില്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ക്കും ഇനി സര്‍ക്കാരിന്റെ വിദഗ്ധ പരിശീലനം. ആദ്യഘട്ടത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഐ.ടി കോര്‍ഡിനേറ്റര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നിവരുടെ ഐ.ടി പരിശീലനത്തില്‍ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഭൂരിഭാഗം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും സ്മാര്‍ട്ട് ആയിട്ടുണ്ട്. ക്ലാസ്മുറികളിലുള്ള ഹൈടെക് ഉപകരണങ്ങളുടെയും ഡിജിറ്റല്‍ കണ്ടന്റുകളുടെയും ഫലപ്രദമായ ഉപയോഗം, സംരക്ഷണം, സ്‌കൂളുകളിലെ ഐ.ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ എന്നിവ സര്‍ക്കാരിന് വലിയ ഉത്തരവാദിത്തം ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തി വലിയ സാമ്പത്തിക ബാധ്യതകളില്ലാതെ കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള പദ്ധതി തയാറാക്കിയിരിക്കുന്നത്. ഒരോ ക്ലാസിലെയും ക്ലാസ് ലീഡറെയോ ഐ.ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള ഒരു കുട്ടിയെയോ പുതിയ പദ്ധതി പ്രകാരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് ഐ.ടി കോര്‍ഡിനേറ്റര്‍മാരായി(എച്ച്.എസ്.എസ്.ഐ.ടി.സി) തെരഞ്ഞെടുക്കും. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റുഡന്‍സ് കോര്‍ഡിനേറ്റര്‍മാര്‍ക്ക് ആദ്യഘട്ടമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍(കൈറ്റ്) നേതൃത്വത്തില്‍ ഒക്ടോബര്‍ 31നകം പരിശീലനം നല്‍കും. കൈറ്റിന്റെ അതത് ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ വഴി ഓരോ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ 31നകം പരിശീലനം നടക്കും. എച്ച്.എസ്.എസ്.ഐ.ടി.സിമാരായി തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പരിശീലനവും ഉണ്ടാകും.
അതേസമയം ജില്ലാ സ്‌കൂള്‍ കലോത്സവം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍നിന്നും അനുവദിച്ച ആറു കോടി രൂപ പ്രളയക്കെടുതിയില്‍ സ്‌കൂളുകളില്‍ കേടായ കംപ്യൂട്ടറുകളുടേയും ലൈബ്രറികളുടേയും പുനരുദ്ധരണത്തിന് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. പ്രളയക്കെടുതിയില്‍ കേടായ കംപ്യൂട്ടറുകളുടേയും ലൈബ്രറികളുടേയും കണക്കെടുപ്പ് നേരത്തെ വിദ്യാഭ്യാസ വകുപ്പ് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."