ലോട്ടറി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍
എടപ്പാള്‍: സമ്മാനമടിച്ച ലോട്ടറിയുടെ വ്യാജ ടിക്കറ്റ് നിര്‍മിച്ചു തട്ടിപ്പ് നടത്തിയിരുന്നയാള്‍ പിടിയില്‍. തമിഴ്നാട് സ്വദേശിയും കോട്ടയം നാട്ടകത്തു വാടകയ്ക്കു താമസക്കാരനുമായ കെന്നഡി സുബ്രഹ്മണ്യനാ (35) ണ് പിടിയിലായത്. എടപ്പാള്‍-തൃശൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന അമ്മ ലോട്ടറി ഏജന്‍സിയില്‍ ദിവസങ്ങള്‍ക്കു മുന്‍പ് ഇയാള്‍ ലോട്ടറി തട്ടിപ്പ് നടത്തിയിരുന്നു.
2,000 രൂപയുടെ സമ്മാനമടിച്ച ലോട്ടറിയാണെന്നവകാശപ്പെട്ട് ഏഴു വ്യാജ ലോട്ടറികള്‍ നല്കി 14,000 രൂപ തട്ടി. പിന്നീട് നടത്തിയ പരിശോധനയിലാണ് ലോട്ടറി വ്യാജമാണെന്നു മനസിലായത്. തുടര്‍ന്ന് ഏജന്‍സി ജീവനക്കാര്‍ ചങ്ങരംകുളം പൊലിസില്‍ പരാതി നല്കി. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനിടയില്‍ മറ്റൊരു ലോട്ടറി തട്ടിപ്പുകേസുമായി ബന്ധപ്പെട്ടു കെന്നഡിയെ കൊച്ചി പൊലിസ് അറസ്റ്റ് ചെയ്തു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ കെന്നഡിയെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയുകയും ചങ്ങരംകുളം പൊലിസ് എറണാകുളത്തുവച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. എസ്.ഐ കെ.പി മനേഷ്, സി.പി.ഒമാരായ പ്രദീപ്, വിവേക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."