എ.ടി.എം കവര്‍ച്ച: ചെങ്ങന്നൂര്‍ സ്വദേശി ഡല്‍ഹിയില്‍ പിടിയില്‍
ന്യൂഡല്‍ഹി: എ.ടി.എം കുത്തിത്തുറന്ന് 14 ലക്ഷത്തിലധികം രൂപ കവര്‍ന്ന കേസില്‍ മലയാളി ഡല്‍ഹിയില്‍ പിടിയില്‍. ഡല്‍ഹിയില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ സുരേഷ് കുമാര്‍ ആണ് പിടിയിലായത്.
കഴക്കൂട്ടം, ആലപ്പുഴയിലെ ചെറിയനാട്, കരിയിലക്കുളങ്ങര എന്നിവിടങ്ങളില്‍ എ.ടി.എം തകര്‍ത്ത് കവര്‍ച്ച നടത്തിയ സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു. രാവിലെ ഡല്‍ഹി ഉത്തംനഗറില്‍ വച്ച് അറസ്റ്റ്ചെയ്ത പ്രതിയെ ഉച്ചയോടെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് നാലുദിവസത്തേക്ക് ആര്.കെ പുരം പൊലിസ് കസ്റ്റഡിയില്‍ വിട്ടു. കവര്‍ച്ചയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡല്‍ഹി- ഹരിയാന പൊലിസിന്റെ സഹായത്തോടെ കേരളാ പൊലിസ് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.
കഴിഞ്ഞമാസം 26ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെറിയനാട്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം മെഷീന് തകര്‍ത്താണ് പണം കവര്‍ന്നത്. രാമപുരം, കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ മോഷണശ്രമവും നടത്തി. ചെറിയനാട്ടുനിന്ന് 3.7 ലക്ഷവും കഴക്കൂട്ടം അമ്പലത്തിന്‍കരയില്‍ നിന്ന് 10.2 ലക്ഷവുമാണ് കവര്‍ന്നത്. ആലപ്പുഴ ജില്ലാ പോലിസ് മേധാവി വി.എം മുഹമ്മദ് റഫീഖാണ് അന്വഷണത്തിനു നേതൃത്വം നല്‍കിയിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മാരാരിക്കുളം സി.ഐ ജെ. ഉമേഷ്കുമാര്‍, ചെങ്ങന്നൂര്‍ എസ്.ഐ എം.സുധിലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ പൊലിസ് സംഘം കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെത്തിയിരുന്നു.
കവര്‍ച്ച നടത്തിയ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ഡല്‍ഹിയില്‍ താമസക്കാരനായ സുരേഷ് ഹരിയാനയിലെ സുഹൃത്തുക്കളുമായി കേരളത്തിലെത്തി കവര്‍ച്ച നടത്തിയെന്നാണ് പൊലിസ് പറയുന്നത്. സംഘത്തിലുണ്ടായിരുന്ന ഹരിയാന സ്വദേശികളായ നാലുപേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."