ഗസ്സയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം ഒരാള്‍ കൊല്ലപ്പെട്ടു, എട്ടുപേര്‍ക്ക് പരുക്ക്
ഗസ്സ: ഇസ്‌റാഈല്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ഗസ്സയിലേക്ക് വ്യോമാക്രമണം. ആക്രമണത്തില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെടുകയും എട്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ ഗസ്സയിലുണ്ടായ ആക്രമണത്തില്‍ നജി അഹമ്മദ് അല്‍ സനീന്‍ (25) ആണ് കൊല്ലപ്പെട്ടതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പരുക്കേറ്റവരില്‍ ആറുപേര്‍ സെന്‍ട്രല്‍ ഗസ്സയിലെ ദേര്‍ അല്‍ അബലാഹിലെ സ്‌കൂളില്‍ നിന്ന് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികളാണെന്ന് മന്ത്രാലയം പറഞ്ഞു. തെക്കന്‍ ഗസ്സയില്‍ നിരവധി തവണ വ്യോമാക്രമണമുണ്ടായെന്നും ഖാന്‍ യൂനിസില്‍ ശക്തമായ സ്‌ഫോടനമുണ്ടായെന്നും ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു.
ഗസ്സയില്‍ നിന്ന് ഇസ്‌റാഈലിലെ ബീര്‍ഷേബ് നഗരത്തിലേക്കുണ്ടായ റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിക്കുകയായിരുന്നു എന്ന് സൈന്യം ട്വിറ്ററിലൂടെ അറിയിച്ചു. ആക്രമണത്തില്‍ വീട് തകര്‍ന്നു. പൗരന്മാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ട്. റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസിനാണെന്ന് സൈന്യം പറഞ്ഞു.
എന്നാല്‍ ഇസ്‌റാഈല്‍ ആരോപണം ഫലസ്തീന്‍ തള്ളി. ഈജിപ്തിന്റെ നേതൃത്വത്തിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ നശിപ്പിക്കാനുള്ള നിരുത്തരവാദിത്ത സമീപനമാണിതെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.
2014ന് ശേഷം ആദ്യമായാണ് ഇസ്‌റാഈല്‍ വീടിന് നേരെ ഗസ്സയില്‍ നിന്ന് ആക്രമണമുണ്ടാകുന്നത്. ഹമാസിനു നേരെ ശക്തമായ ആക്രമണമുണ്ടാകുമെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വ്യോമാക്രമണം. വെള്ളിയാഴ്ച ഗസ്സയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു കൗമാരക്കാര്‍ ഉള്‍പ്പെടെ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.
വ്യോമാക്രമണത്തിനു പിന്നാലെ ഗസ്സയിലെ കരീം ഷലോം, ഇറസ് എന്നീ ചെക്‌പോസ്റ്റുകള്‍ അടച്ചിടാന്‍ അവിദ്‌ഗോര്‍ ലൈബര്‍മാന്‍ ആവശ്യപ്പെട്ടു. കൂടാതെ ഗസ്സയിലെ തീരപ്രദേശത്തെ മത്സ്യബന്ധനത്തിനുള്ള ദൂരം ആറു നോട്ടിക്കല്‍ മൈലില്‍ നിന്ന് മൂന്നായി ചുരുക്കിയെന്നും അദ്ദേഹം അറിയിച്ചു. ഓസ്‌ലോ കരാര്‍ അനുസരിച്ച് 20 നോട്ടിക്കല്‍ മൈലില്‍ മത്സ്യബന്ധം നടത്താന്‍ അനുമതി നല്‍കുന്നുണ്ട്. എന്നാല്‍ ഇസ്‌റാഈല്‍ ഈ കരാര്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
ഹമാസ് ആക്രമിച്ചെന്ന ഇസ്‌റാഈല്‍ ആരോപണം മുന്‍കൂട്ടി തയാറാക്കിയതാണോയെന്ന് വ്യക്തമല്ല. ഇസ്‌റാഈല്‍ അധിനിവേഷത്തിനെതിരേ ഗസ്സയില്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് വ്യോമാക്രമണമുണ്ടാകുന്നത്. മാര്‍ച്ച് 30 മുതല്‍ ആരംഭിച്ച പ്രതിഷേധത്തില്‍ ഇതുവരെ 205 പേര്‍ കൊല്ലപ്പെട്ടു. 18,000 പേര്‍ക്ക് പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."