നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പി. ചിദംബരം അറസ്റ്റില്‍
ന്യൂഡല്‍ഹി: മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തെ ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തു. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ രാത്രി 9.45 ഓടെ വീട്ടില്‍ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
രാത്രി എട്ടരയോടെ എ.ഐ.സി.സി ആസ്ഥാനത്ത് എത്തി ചിദംബരം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. നിയമത്തിനു മുന്നില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും അന്വേഷണ ഏജന്‍സികളും നിയമത്തെ ബഹുമാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ചിദംബരം പറഞ്ഞു.
#WATCH P Chidambaram taken away in a car by CBI officials. #Delhi pic.twitter.com/nhE9WiY86C
— ANI (@ANI) August 21, 2019
കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലിനൊപ്പമാണ് ചിദംബരം എ.ഐ.സി.സി ആസ്ഥാനത്തെത്തിയത്. പിന്നാലെ സി.ബി.ഐയും ഇ.ഡിയും ഇവിടെ എത്തിയെങ്കിലും അപ്പോഴേക്കും ചിദംബരം മടങ്ങിയിരുന്നു. ഇതോടെ അദ്ദേഹത്തിനെതിരെ ഇ.ഡിയും സി.ബി.ഐയും ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു.
വീട്ടിലെത്തി ചിദംബരത്തെ തേടി സി.ബി.ഐയും ഇ.ഡിയും പിന്നാലെയെത്തി. എന്നാല്‍ വീടിന്റെ ഗെയ്റ്റുകള്‍ അടച്ചിരുന്നു. ഇതോടെ മതില്‍ ചാടിക്കടന്ന സി.ബി.ഐ സംഘം വീട്ടിനുള്ളില്‍ കയറി. ഇതിനിടെ, വീടിന്റെ പിന്നിലെ ഗെയ്റ്റുകളും തുറന്നുകൊടുത്തു. ഒരു മണിക്കൂറോളം നീണ്ട നടപടിക്രമത്തിനൊടുവിലാണ് ചിദംബരത്തെ സി.ബി.ഐയുടെ കാറില്‍ കയറ്റി കൊണ്ടുപോയത്.
ഐ.എന്‍.എക്സ് മീഡിയ കേസ്
ഒന്നാം യു.പി.എ സര്‍ക്കാരില്‍ ചിദംബരം ധനമന്ത്രിയായിരിക്കെ, സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയായ ഐ.എന്‍.എക്‌സ് മീഡിയയ്ക്കു വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതില്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്. 2017 മെയ് 15നാണ് സി.ബി.ഐ കേസെടുത്തത്. കള്ളപ്പണം വെളുപ്പിച്ചതായി ആരോപിച്ച് കഴിഞ്ഞവര്‍ഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും (ഇ.ഡി) കേസെടുത്തിരുന്നു. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും കേസില്‍ അന്വേഷണം നേരിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."