കള്ളസ്വാമിമാരെയും ആള്‍ദൈവങ്ങളെയും അകറ്റൂ
കണ്ണമ്മുലയില്‍ ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ സംഭവം കേരള സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കേണ്ട വിഷയമാണ്. കപട സ്വാമിമാരുടെയും ആള്‍ദൈവങ്ങളുടെയും പിറകില്‍ അണിചേരുന്ന കേരളസമൂഹം ഇനിയെങ്കിലും ഇത്തരക്കാരുടെ യഥാര്‍ഥ മുഖം തിരിച്ചറിഞ്ഞില്ലാ എങ്കില്‍ വലിയ സാമൂഹികവിപത്ത് നമ്മുടെ നാട്ടില്‍ നടക്കും.
കൂണ്‍ പൊങ്ങിവരുന്നതുപോലെയാണ് സംസ്ഥാനത്തിന്റ പല ഭാഗങ്ങളിലും ആള്‍ദൈവങ്ങളും കള്ള സ്വാമിമാരും പൊതുജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റി പല രീതിയിലും അവരെ ചൂഷണം ചെയ്യുന്നത്.
വിവിധ തരം പൂജയുടെ പേരില്‍ പണമായി പൊതുജനങ്ങളെ കൊള്ളയടിക്കുന്നത് പല ആള്‍ദൈവങ്ങളുടെയും സ്ഥിരം പരിപാടിയാണ്. പലപ്പോഴും കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴാണ് പലരും ഇത്തരക്കാരുടെ കെണിയില്‍ അകപ്പെടുന്നത്. ഒരിക്കല്‍ കെണിയില്‍ പെട്ടാല്‍ പിന്നീട് അതില്‍നിന്നു മോചനം നേടുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ധനപരമായും, അല്ലാതെയുമുള്ള വസ്തുക്കള്‍ നല്‍കിയാണ് പല ആള്‍ദൈവങ്ങളും ഭക്തരെ തങ്ങളുടെ അടുത്ത് പിടിച്ചു നിര്‍ത്തുന്നത്.
നിലവില്‍ തങ്ങളുടെ ഭക്തരായി നിലനില്‍ക്കുന്നവരെ കൊണ്ട് തന്നെയാണ് പല ആള്‍ദൈവങ്ങളും പുതിയ ഭക്തരെ തങ്ങളുടെ അടുക്കല്‍ എത്തിക്കുന്നത്. തങ്ങളുടെ ശക്തിയുടെ ഫലമായി ഭക്തരുടെ ദുഃഖങ്ങളും ദുരിതങ്ങളും അകറ്റി എന്ന് കാണിച്ചുകൊണ്ട് പബ്ലിസിറ്റി നടത്തി മറ്റുള്ളവരെ തങ്ങളുടെയടുക്കല്‍ എത്തിക്കുന്ന ആള്‍ദൈവങ്ങളും ഉണ്ട് . ഏറ്റവും വിഷമകരമെന്ന് പറയട്ടെ, നല്ല രീതിയില്‍ വിദ്യാഭ്യാസം നേടിയവര്‍ വരേ ഇക്കൂട്ടരുടെ പിറകെ പോകുന്നുണ്ട്.
ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പൊലിസിന്റെ ഭാഗത്തുനിന്നു നടപടി ഉണ്ടാകേണ്ടതാണ്. പക്ഷേ, എല്ലാത്തിനുമുപരി ഇത്തരക്കാര്‍ക്കെതിരേ ജനങ്ങളുടെ പ്രതിഷേധമാണ് ഉണ്ടാകേണ്ടത്. ജനങ്ങളാണ് ഇത്തരക്കാരെ അകറ്റിനിര്‍ത്തേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."