ഡിഫ്തീരിയ ജില്ലയില്‍ നാലു കേസുകള്‍ കൂടി
മലപ്പുറം: ജില്ലയില്‍ നാല് ഡിഫ്തീരിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊണ്ടോട്ടി, വാഴക്കാട്, പരപ്പനങ്ങാടി, കുറ്റിപ്പുറം എന്നിവിടങ്ങളിലുള്ളവരാണ് ഇന്നലെ ഡിഫ്തീരിയ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഇതോടെ മൊത്തം ഡിഫ്തീരിയ കേസുകളുടെ എണ്ണം 85 ആയി. ഇതില്‍ 22പേരുടെ രോഗമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം ടി.ഡി വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ ഭാഗികമായി മുടങ്ങിയ ജില്ലയിലെ പ്രതിരോധ കുത്തിവെപ്പ് ഇന്നലെ പുനരാരംഭിച്ചു. നാലു ലക്ഷം ടി.ഡി വാക്‌സിനുകള്‍ കഴിഞ്ഞദിവസം ജില്ലയിലെത്തിയതോടെയാണ് വാക്‌സിന്‍ക്ഷാമത്തിന് പരിഹാരമായത്. ജില്ലയിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലയിലെത്തിയ ആരോഗ്യമന്ത്രിയോട് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ വാക്‌സിന്‍ക്ഷാമത്തെക്കുറിച്ച് പരാതി അറിയിച്ചിരുന്നു.
പ്രതിരോധ പ്രവര്‍ത്തനങ്ങളടെ ഭാഗമായി ജൂലൈ 23 വരെ 1,64,635 പേര്‍ക്ക് കുത്തിവെപ്പ് നല്‍കി. ഇനിയുള്ളത് 1.35 ലക്ഷം കുട്ടികളാണ്. കൂടുതല്‍ ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത എട്ട് ആരോഗ്യ ബ്ലോക്കുകള്‍ക്ക് പ്രാധാന്യം നല്‍കിയായിരുന്നു ആരോഗ്യവകുപ്പിന്റെ സമ്പൂര്‍ണ കുത്തിവെപ്പ് യജ്ഞം. ഇത് നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് വാക്‌സിന്‍ തീര്‍ന്നത്. ടി.ഡി വാക്‌സിന് ആവശ്യക്കാര്‍ കുറവായതിനാല്‍ രാജ്യത്തെ അപൂര്‍വം കേന്ദ്രങ്ങളില്‍ മാത്രമാണ് ഇതിന്റെ നിര്‍മാണം നടക്കുന്നത്. ഇതുകാരണമാണ് കൃത്യമസമയത്ത് മരുന്ന് കിട്ടാതിരുന്നത്. മരുന്ന് എത്തിയതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമായതായും ഇനി മരുന്നുക്ഷാമം നേരിടേണ്ടി വരില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ഉമ്മര്‍ ഫാറൂഖ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."