കോഴിക്കോട് മെഡി. കോളജില്‍ മൃതദേഹത്തോട് അനാദരവ് വീണ്ടും
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും മൃതദേഹങ്ങളോട് അനാദരവ്. പഠനത്തിനു ശേഷമുള്ള മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയാണ് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ അനാട്ടമി വിഭാഗത്തിലെ പഠനത്തിന് ശേഷം ഒഴിവാക്കിയ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും ശസ്ത്രക്രിയക്ക് ശേഷം ഒഴിവാക്കിയ ശരീര ഭാഗങ്ങളും കോളജ് കോമ്പൗണ്ടിലെ ശ്മശാന ഭൂമിയിലെ കുഴിയില്‍ അലക്ഷ്യമായി കാണപ്പെട്ടത്. ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തിന് എതിര്‍വശത്തുള്ള കോമ്പൗണ്ടില്‍ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ പക്ഷികളും നായകളും വലിച്ചിഴയ്ക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തുവന്നതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.
വിവരം അറിഞ്ഞ് സി.ഐ മൂസ വള്ളിക്കാടന്‍, എസ്.ഐ ഹബീബുള്ള എന്നിവരുടെ നേതൃത്വത്തില്‍ പൊലിസും നഗരസഭാ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ഗോപകുമാറും സ്ഥലത്തെത്തി. വലിയ കുഴിയില്‍ നിക്ഷേപിച്ച മൃതദേഹാവശിഷ്ടങ്ങള്‍ യഥാവിധി ജീവനക്കാര്‍ മണ്ണിട്ട് മൂടാത്തതാണ് പ്രശ്‌നത്തിന് ഇടയാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളുടെ കൂട്ടത്തില്‍ രക്തം ഒലിക്കുന്ന ശരീരഭാഗങ്ങളും ഉണ്ടായിരുന്നു. ആശുപത്രിയില്‍ നിന്നുള്ളവയായിരുന്നു ഇത്. ഫോര്‍മാലിന്‍ ഉള്ളതിനാല്‍ സൂര്യപ്രകാശം തട്ടിയതിനു ശേഷം കുഴിമൂടാന്‍ വച്ചിരിക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം കുറച്ച് അവശിഷ്ടങ്ങള്‍ കൂടി സംസ്‌കരിക്കാനുള്ളതിനാല്‍ ജീവനക്കാര്‍ കുഴി മൂടാതിരുന്നതാണെന്നും പറയപ്പെടുന്നു. സംഭവം വിവാദമായതോടെ എത്രയും പെട്ടെന്ന് കുഴിമൂടാന്‍ വൈസ് പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഉച്ചയോടെ കുഴി പൂര്‍ണമായും മൂടി.
വിഷയത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലത്തെത്തിയ കലക്ടര്‍ യു.വി ജോസ് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ നിലവിലെ രീതി തുടരാനാവില്ലെന്നും ശാസ്ത്രീയമായ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.
നാല് വര്‍ഷം മുന്‍പും അനാട്ടമി വിഭാഗത്തില്‍ നിന്നുള്ള മൃതദേഹാവശിഷ്ടങ്ങള്‍ ഇങ്ങനെ ഉപേക്ഷിച്ചത് വിവാദമായിരുന്നു. നാട്ടുകാര്‍ പ്രതിഷേധവുമായി വന്നതിനെ തുടര്‍ന്ന് അന്നും അധികൃതര്‍ മൃതദേഹാവശിഷ്ടങ്ങള്‍ മണ്ണിട്ട് മൂടുകയായിരുന്നു.
മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ എത്തുന്ന അജ്ഞാത മൃതദേഹങ്ങളും അനാട്ടമി വിഭാഗത്തിന് ദാനം ചെയ്യുന്നവയുമാണ് പഠനത്തിനായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്. പഠനത്തിനു ശേഷം മൃതദേഹങ്ങള്‍ സംസ്‌കരിക്കണമെന്നും അനാദരവ് പാടില്ലെന്നും കര്‍ശന നിര്‍ദേശമുണ്ട്. അതിനിടയിലാണ് പുതിയ സംഭവ വികാസങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."