പ്രവര്‍ത്തനം അവതാളത്തില്‍; പരിമിതിയില്‍ തൃക്കരുവ പ്രാഥമിക ആരോഗ്യ കേന്ദ്രം
കൊല്ലം: ആവശ്യത്തിന് സൗകര്യമുള്ള തൃക്കരുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ദുരിതമാണ്. ആകെയുള്ള ഡോക്ടര്‍ അവധിയെടുത്താല്‍ അടച്ചിടേണ്ട ഗതികേടിലാണ് കേന്ദ്രം. മതിയായ ചികിത്സ കിട്ടാത്തതിനാല്‍ വിരലിലെണ്ണാവുന്ന രോഗികള്‍ മാത്രമാണ് ഇവിടെയെത്തുന്നത്. തൃക്കരുവ പഞ്ചായത്തിലെ കാഞ്ഞാവെളി ഒന്‍പതാം വാര്‍ഡിലാണ് ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
ഉള്ളില്‍ എക്‌സ്‌റേ ലാബ് എന്നെഴുതിയ മുറിയും ടെകിനീഷ്യനുമുണ്ട്. പക്ഷേ ഉപകരണങ്ങളില്ല. വൃത്തിഹീനമായ സാഹചര്യമായതിനാല്‍ ആരോഗ്യകേന്ദ്രത്തിലെത്തുന്നവര്‍ക്ക് കൂടുതല്‍ അസുഖങ്ങള്‍ പിടിപെടുന്ന അവസ്ഥയായിരുന്നു. അടുത്തിടെയാണ് താല്‍കാലികമായി ശുചീകരണ തൊഴിലാളിയെ നിയമിച്ചത്. ഒരു മെഡിക്കല്‍ സൂപ്രണ്ടും എന്‍.ആര്‍.എച്ച്എമ്മില്‍ നിന്നുള്ള ഒരു നഴ്‌സും ഒരോ നഴ്‌സിങ് അസിസ്റ്റന്റും ഫാര്‍മസിസ്റ്റുമാണ് ഇവിടെയുള്ളത്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അടക്കം 12 ഫീല്‍ഡ് സ്റ്റാഫുകളുണ്ട്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള കുത്തിവയ്പുകളും മറ്റ് സ്‌കീമുകളും കൈകാര്യം ചെയ്യേണ്ട ദിവസങ്ങളില്‍ ജീവനക്കാരുടെ കുറവ് ആരോഗ്യ കേന്ദ്രത്തിന്റെ താളംതെറ്റിക്കുന്നു. പഞ്ചായത്ത് ആവശ്യത്തിന് മരുന്ന് ലഭ്യമാക്കുന്നത് മാത്രമാണ് ആകെയുള്ള മെച്ചം.
കിടത്തി ചികിത്സയുള്ള ആശുപത്രിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ ഉള്ള കെട്ടിടങ്ങളിലൊന്ന് ഹോമിയോ ഡിസ്‌പെന്‍സറിയ്ക്ക് കൈമാറി. പുതിയ കെട്ടിടം നിര്‍മിക്കാവുന്നിടം കുഴല്‍ക്കിണറിനായി വാട്ടര്‍ അതോറിറ്റിക്കും വിട്ടുനല്‍കി. തൃക്കരുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് പ്രതീക്ഷ നല്‍കുന്നുണ്ട്. നിലവില്‍ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് ഒ.പി സമയം.
തൃക്കരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തെ സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇത് നടപ്പാക്കാന്‍ കടമ്പകള്‍ ഇനിയും ഏറെ ചാടിക്കടക്കണം. പദ്ധതി നടപ്പാക്കുമ്പോള്‍ മൂന്ന് ഡോക്ടര്‍മാരുടെയും അനുബന്ധ സ്റ്റാഫുകളുടെയും സേവനം ഇവിടെ ലഭിക്കും. എന്നാല്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കുള്ള പരിശോധനാ മുറികള്‍ ഇവിടെ ഒരുക്കിയിട്ടില്ല.
ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടങ്ങളില്‍ ഒന്ന് ഹോമിയോ ഡിസ്പന്‍സറിയ്ക്ക് വിട്ടുനല്‍കിയത് തിരികെയെടുക്കുന്നതിനും ഏറെ തടസങ്ങളുണ്ട്. നിലവില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചാലേ പദ്ധതി നടപ്പാക്കാന്‍ കഴിയൂ. 80 സെന്റ് സ്ഥലമാണ് ആരോഗ്യ കേന്ദ്രത്തിന് ഉള്ളത്. ഇതിലെ കെട്ടിടങ്ങളില്‍ മതിയായ സൗകര്യങ്ങളില്ല. കൂടുതല്‍ ഡോക്ടര്‍മാരും അനുബന്ധ സേവനങ്ങളും എത്തുന്നതോടെ രോഗികളുടെ എണ്ണവും കൂടും. ഇതെല്ലാം മുന്നില്‍ക്കണ്ടുള്ള നിര്‍മാണം അടിയന്തിരമായി നടത്തേണ്ടതുണ്ട്. ഇന്ന് ചേരുന്ന ഗ്രാമപ്പഞ്ചായത്ത് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."