മാനവികതയില്‍ തീര്‍ത്ത കതിര്‍മണ്ഡപത്തില്‍ സാബിറ സുമംഗലിയായി
മുക്കം: അടക്കിപ്പിടിച്ച വിതുമ്പലുകള്‍ക്കിടയിലും ഒരായുസിന്റെ മുഴുവന്‍ കടപ്പാടുകളും അയവിറക്കി അവള്‍ സുമംഗലിയായപ്പോള്‍ മുക്കം മുസ്‌ലിം അനാഥശാല മറ്റൊരു നന്മയുടെ വസന്തത്തിനുകൂടി സാക്ഷിയാവുകയായിരുന്നു.
കണ്ണീര്‍ തുള്ളികളാല്‍ നനവുകള്‍ പടര്‍ന്ന കതിര്‍മണ്ഡപത്തില്‍ മാനവികതയുടെ മഹാസംഗമം. മുക്കം മുസ്‌ലിം അനാഥശാല അന്തേവാസിയായ എം.പി സാബിറയും മടവൂര്‍ സ്വദേശിയായ മുഹമ്മദ് റാഫി അശ്അരിയും തമ്മിലുള്ള വിവാഹമാണു വൈകാരിക നിമിഷങ്ങള്‍ക്ക് വേദിയായത്.
സാബിറക്ക് സ്വന്തം വീടും പിതാവും ബന്ധുക്കളുമെല്ലാം ഈ അനാഥശാല തന്നെയാണ്. 2001 ജൂണിലാണ് അഞ്ചാം വയസില്‍ ആരോരുമില്ലാത്ത പൂനൂര്‍ സ്വദേശിയായ സാബിറ മുക്കം ഓര്‍ഫനേജില്‍ എത്തുന്നത്. പിന്നീട് പരിഭവങ്ങളും സന്ദേഹങ്ങളും ആഹ്ലാദങ്ങളുമെല്ലാം പങ്കിട്ടത് അനാഥശാലയുടെ ചുവരുകള്‍ക്കുള്ളിലായിരുന്നു. മുക്കം അനാഥശാല കമ്മിറ്റി വിദ്യാഭ്യാസവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നല്‍കി. ഇപ്പോള്‍ ഓര്‍ഫനേജ് ഗേള്‍സ് കോളജിലെ ബി.എ ഇംഗ്ലിഷ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്.
ഇവിടെയും തീര്‍ന്നില്ല; സ്വന്തം കാലില്‍ നില്‍ക്കാന്‍ മണാശ്ശേരി എം.എ.എം.ഒ കോളജില്‍ ലൈബ്രേറിയനായി ജോലിയും നല്‍കി. മണാശേരിയില്‍ ഏഴു സെന്റ് സ്ഥലം വാങ്ങി സാബിറക്ക് വീടുവച്ചു കൊടുക്കുവാനുള്ള ഒരുക്കത്തിലാണ് ഓര്‍ഫനേജ് കമ്മിറ്റി.
അനാഥശാലയില്‍ വാര്‍ഡനായി ജോലി ചെയ്തിരുന്ന മാതാവ് വഴിയാണ് മുഹമ്മദ് റാഫി സാബിറയെ കുറിച്ചറിയുന്നതും ജീവിതത്തിലേക്ക് കൂടെ കൂട്ടിയതും. മുഹമ്മദ് റാഫിയും ഓര്‍ഫനേജ് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയാണ്. ഓര്‍ഫനേജ് കമ്മിറ്റി അംഗങ്ങളും കോളജ് അധ്യാപകരും മറ്റു സുമനസുകളും നല്‍കിയ 60 പവനോളം സ്വര്‍ണമാണ് വധു അണിഞ്ഞിരുന്നത്. ഓര്‍ഫനേജില്‍ നടന്ന വിവാഹത്തിന്റെ ചെലവുകള്‍ പൂര്‍ണമായി വഹിച്ചതും കമ്മിറ്റി അംഗങ്ങള്‍ തന്നെയാണ്.
വധുവിന്റെ പിതാവിന്റെ സ്ഥാനത്തുനിന്ന് ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറി വി.ഇ മോയിമോന്‍ ഹാജി വരന്‍ മുഹമ്മദ് റാഫിക്ക് നിക്കാഹ് ചെയ്ത് കൊടുത്തു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ കാര്‍മികത്വം വഹിച്ചു.
സമസ്ത കേന്ദ്ര മുശാവറാംഗം കെ. ഉമര്‍ ഫൈസി മുക്കം, ആര്‍.വി കുട്ടിഹസന്‍ ദാരിമി, ഓര്‍ഫനേജ് പ്രസിഡന്റ് വി. ഉമ്മര്‍ കോയ ഹാജി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ അബ്ദുല്‍ മജീദ്, മുക്കം നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ സി.കെ കാസിം, നഗരസഭാ കൗണ്‍സിലര്‍ മുക്കം വിജയന്‍, സി. മൂസ മാസ്റ്റര്‍, കുഞ്ഞാലി ഹാജി, അബ്ദുല്ല കോയ ഹാജി, മരക്കാര്‍ മാസ്റ്റര്‍, യു.കെ അബ്ദുല്‍ ത്തീഫ് മൗലവി, ഹുസൈന്‍ യമാനി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."