അപകടഭീഷണിയായി ട്രാന്‍സ്‌ഫോര്‍മര്‍
പാറക്കടവ്: കടവത്തൂര്‍ റോഡില്‍ ശംസുല്‍ ഉലമ ഇസ്‌ലാമിക് സെന്റര്‍ വളവില്‍ റോഡിരികിലെ ട്രാന്‍സ്‌ഫോര്‍മര്‍ അപകടഭീഷണി ഉയര്‍ത്തുന്നു. ഏറെ തിരക്ക് അനുഭവപ്പെടുന്ന റോഡാണിത്. കമ്പിവേലിയോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഒരുക്കാത്തതിനാല്‍ വന്‍ അപകടമാണ് ഇവിടെ പതിയിരിക്കുന്നത്.
റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി റോഡ് വീതികൂട്ടിയെങ്കിലും ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിച്ചിരുന്നില്ല. ദിവസേന നൂറുക്കണക്കിനു വാഹനങ്ങളും സ്‌കൂള്‍, മദ്‌റസ, കോളജ് വിദ്യാര്‍ഥികളടക്കം നിരവധി കാല്‍നട യാത്രക്കാരും സഞ്ചരിക്കുന്ന റോഡാണിത്. തൊട്ടുതന്നെ അല്‍ ബിര്‍റ് ഇസ്‌ലാമിക് പ്രീ സ്‌കൂളും സൈനുല്‍ ഉലമ ഹിഫ്‌ള് കോളജും പ്രവര്‍ത്തിക്കുന്നുണ്ട്.
ട്രാന്‍സ്‌ഫോര്‍മര്‍ റോഡരികില്‍ നിന്ന് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ വൈദ്യുതി ബോര്‍ഡ് ഇതുസംബന്ധിച്ച് യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല . ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കണമെങ്കില്‍ ഒട്ടേറെ കടമ്പകളുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ശക്തമായ സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."