യുവാവിനെ കാര്‍കയറ്റി കൊലപ്പെടുത്തി; സംഘത്തിലെ ഒരാള്‍ പിടിയില്‍ സംഭവം വാക്കുതര്‍ക്കത്തെത്തുടര്‍ന്ന്
സ്വന്തം ലേഖകന്‍
കായംകുളം: ബാറിന് മുന്നിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് പ്രതിശ്രുത വരനായ യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍. കരീലകുളങ്ങര പുത്തന്‍ പുരക്കല്‍ താജുദ്ദീന്റെ മകന്‍ ഷമീര്‍ഖാന്‍ (25) നെ കൊലപ്പെടുത്തിയ സംഭവത്തില്‍ കായംകുളം ഐക്യജങ്ഷന്‍ വലിയ വീട്ടില്‍ ഷിയാസിനെ (21 ) കിളിമാനൂരില്‍ നിന്ന് കായംകുളം പൊലിസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി 11.30 ഓടെ ചിറക്കടവത്തെ ബാറിനു സമീപം വച്ചായിരുന്നു സംഭവം.
പൊലിസ് പറയുന്നതിങ്ങനെ: തന്റെ വിവാഹവുമായി ബന്ധപ്പെട്ടു നടന്ന ആഘോഷത്തിന് ഷമീര്‍ ഖാന്‍ സുഹൃത്തുക്കളായ കരുവറ്റം കുഴി ശ്രീനിലയത്തില്‍ സഞ്ജയ് (20), മുതുകുളം തെക്ക് പുത്തന്‍ വീട്ടില്‍ വിഷ്ണു (25), എരുവ പടിഞ്ഞാറ് പുത്തന്‍പുരയില്‍ പ്രവീണ്‍ (24), കരീലക്കുളങ്ങര ചൈത്രത്തില്‍ സച്ചിന്‍ (23) എന്നിവരോടൊപ്പം ബൈക്കുകളിലായി രാത്രി 11 ഓടെ ബാറില്‍ എത്തി. സമയം കഴിഞ്ഞതിനാല്‍ ബാര്‍ അടച്ചെന്നും മദ്യം നല്‍കാന്‍ കഴിയില്ലെന്നും സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ജീവനക്കാരും ഷമീര്‍ ഖാനുമായി തര്‍ക്കമായി. ഇതിനിടെ കാറിലെത്തിയ മറ്റൊരു സംഘം ഷമീര്‍ ഖാനും സുഹൃത്തുക്കളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. കാറിലെത്തിയ സംഘത്തിലെ ഒരാള്‍ ബിയര്‍ കുപ്പി കൊണ്ട് ഷമീര്‍ ഖാനെ അടിച്ചു. പിന്നിട് ഷമീര്‍ ഖാനും സംഘവും ബാറിനു പിന്നിലൂടെയുള്ള റോഡിലൂടെ പോകവേ കാര്‍ പിന്നോട്ടെടുത്ത് ഇവരെ ഇടിച്ചു വീഴ്ത്തി. ഇതിന് ശേഷം റോഡില്‍ വീണു കിടന്ന ഷമീര്‍ ഖാന്റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കുകയായിരുന്നു. ഷമീര്‍ ഖാന്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. കാറിടിച്ച് വിഷ്ണു, സഞ്ജയ് എന്നിവര്‍ക്ക് പരുക്കേറ്റു. മറ്റൊരു സ്ഥാപനത്തിലൈ സെക്യൂരിറ്റി ജീവനക്കാരന്‍ സംഭവം അറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെമ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു.
കൊലപാതകം നടന്ന സ്ഥലത്തു നിന്നും ലഭിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റ് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചു സൂചന ലഭിച്ചത്. സംഭവ ശേഷം ഓടിച്ചു പോയ കാര്‍ ഇവരുടെ പരിചയക്കാരനായ സുഭാഷിന്റെ കിളിമാനൂരിലെ വീടിനു സമീപത്തു നിന്നും പൊലിസ് കണ്ടെത്തി. പൊലിസിനെ കണ്ടതോടെ സംഘം ഓടി രക്ഷപ്പെട്ടു. ഇതിനിടെ സമീപത്തെ കാട്ടില്‍ ഒളിച്ച ഷിയാസി (21) നെ പൊലിസ് പിടികൂടി. കായംകുളം മത്സ്യ മാര്‍ക്കറ്റിന് സമീപം പുത്തന്‍കണ്ടത്തില്‍ അജ്മല്‍ (20) കൊറ്റുകുളങ്ങര മേനാംതറയില്‍ സഹീല്‍ (21) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. അജ്മല്‍ ആണ് കാര്‍ ഓടിച്ചിരുന്നതെന്ന് പൊലിസ് പറഞ്ഞു. മൂന്നു പേരും നിരവധി കേസുകളിലെ പ്രതികളാണ്. കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരാണ് പ്രതികളെന്ന് പൊലിസ് പറഞ്ഞു. വിവാഹം ഉറപ്പിച്ചതിനാല്‍ വിദേശത്തായിരുന്ന ഷമീര്‍ ഖാന്‍ 20 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. സെപ്റ്റംബര്‍ എട്ടിന് ഭരണിക്കാവ് സ്വദേശിനിയുമായി വിവാഹം നടക്കേണ്ടതായിരുന്നു.
നസീമയാണ് ഷമീര്‍ ഖാന്റെ മാതാവ്. സഹോദരന്‍ അക്ബര്‍ഷാ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."