കെ.എസ്.ആര്‍.ടി.സി ബസ് പാസ് ലഭിക്കാന്‍ കാലതാമസം നേരിടുന്നതായി പരാതി
കല്‍പ്പറ്റ: വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ് പാസ് ലഭിക്കാന്‍ കാലതാമസം നേരിടുന്നതായി പരാതി. കല്‍പ്പറ്റ ഡിപ്പോയില്‍ നിന്ന് പാസ് ലഭിക്കേണ്ട വിദ്യാര്‍ഥികള്‍ക്കാണ് ആഴ്ചകള്‍ വൈകി പാസ് ലഭിക്കുന്നത്.
ഇതോടെ കെ.എസ്.ആര്‍.ടി.സി ബസുകളെ ആശ്രയിക്കുന്ന വിദ്യാര്‍ഥികള്‍ പാസ് പുതുക്കാന്‍ ഡിപ്പോയില്‍ നല്‍കി ആഴ്ചകളോളം ടിക്കറ്റ് എടുത്ത് യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. മേപ്പാടിയില്‍ നിന്ന് ഒരു സ്വകാര്യബസ് മാത്രമുള്ള മുണ്ടക്കൈ റൂട്ടിനിടയിലെ പ്രദേശങ്ങളിലേയും യാത്രക്ക് കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന മറ്റിടങ്ങളിലേയും വിദ്യാര്‍ഥികള്‍ക്കാണ് ഇത് തിരിച്ചടിയാകുന്നത്.
മേപ്പാടി ഭാഗത്ത് നിന്നുള്‍പ്പെടെ നിരവധി വിദ്യാര്‍ഥികളാണ് ചൂരല്‍മല ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്നത്.
കൂടാതെ കല്‍പ്പറ്റ-ചൂരല്‍മല, മുണ്ടക്കൈ, അട്ടമല റൂട്ടിലെ നിരവധി വിദ്യാര്‍ഥികള്‍ മേപ്പാടിയിലെയും കല്‍പ്പറ്റയിലേയും വിവിധ സ്ഥാപനങ്ങളിലും പഠനം നടത്തുന്നുണ്ട്.
തോട്ടം തൊഴിലാളികളുടെ മക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് കെ.എസ്.ആര്‍.ടി.സി ബസിനെ ആശ്രയിക്കുന്നത്. പാസ് ലഭിക്കാന്‍ വൈകുന്നത് വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക നഷ്ടവും സമയ നഷ്ടവും വരുത്തുകയാണ്. നിലവില്‍ ആഴ്ചയിലൊരിക്കലാണ് പാസ് പുതുക്കി നല്‍കുന്നത്.
70 പാസുകളാണ് ഒരു ജീവനക്കാരന് കലക്ഷന്‍ സ്വീകരിച്ച് എഴുതി രജിസ്റ്ററില്‍ ചേര്‍ത്ത് എഴുതി നല്‍കാനാകുകയൊള്ളുവെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്. പുതുക്കി നല്‍കുന്ന ദിവസം എല്ലാ ആഴ്ചയും 450 മുതല്‍ 500 പാസുകള്‍ വരേയാണ് ഡിപ്പോയില്‍ ലഭിക്കുന്നത്.
പ്രത്യേക ജീവനക്കാരനില്ലാത്തത് കാരണം ഓഫിസ് ജീവനക്കാര്‍ തന്നെയാണ് രജിസ്റ്ററില്‍ രേഖപ്പെടുത്തി ഫോട്ടോ ഒട്ടിച്ച് പാസ് എഴുതി നല്‍കുന്നത്. ഇതാണ് പാസ് നല്‍കുന്നത് വൈകാന്‍ കാരണമെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് പാസ് കൃത്യസമയത്ത് ലഭ്യമാക്കാന്‍ അടിയന്തിര നടപടിയുണ്ടാകണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."