രുചിയൂറും വിഭവങ്ങളൊരുക്കി കൊച്ചുമിടുക്കരുടെ ഭക്ഷ്യമേള
സുല്‍ത്താന്‍ ബത്തേരി: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളൊരുക്കിയ ഭക്ഷ്യമേള ശ്രദ്ധേയമായി. സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്.
യു.പി സ്‌കൂളിലെ 1000ത്തോളം വിദ്യാര്‍ഥികള്‍ മേളയില്‍ വിഭവങ്ങള്‍ തയാറാക്കി എത്തിച്ചു. അച്ചാര്‍ മുതല്‍ പാല്‍പ്പായസം വരെയുള്ള വിഭവങ്ങളാണ് വിദ്യാര്‍ഥികള്‍ തയാറാക്കി എത്തിച്ചത്. ഇലക്കറികള്‍, പുഴുക്കുകള്‍, വിവിധയിനം അടകള്‍, പലഹാരങ്ങള്‍ എന്നിവയും കപ്പ, കഞ്ഞി, ചമ്മന്തി, ചുട്ടപപ്പടം, പുട്ട്, വിവിധയിനം കറികള്‍, വിവിധയിനം രസങ്ങള്‍, സൂപ്പുകള്‍ എന്നിങ്ങനെ ആയിരത്തിലധികം വിഭവങ്ങളാണ് രക്ഷിതാക്കളുടെ സഹായത്തോടെ തയാറാക്കി വിദ്യാര്‍ഥികള്‍ മേളയില്‍ എത്തിച്ചത്. ഓരോ വിഭവവും തയാറാക്കുന്നതെങ്ങനെയെന്നുള്ള കുറിപ്പും ഇതോടൊപ്പം പ്രദര്‍ശിപ്പിച്ചു.
പരമ്പരാഗത ഭക്ഷ്യവസ്തുക്കളെക്കുറിച്ചുള്ള അവബോധം കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സംഘടിപ്പിച്ചതെന്ന് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോണ്‍സണ്‍ തൊഴുത്തങ്കല്‍ പറഞ്ഞു. കൃത്രിമ നിറകൂട്ടുകള്‍ ഒഴിവാക്കി തനത് രുചിയെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അറിവുപകരുക എന്നലക്ഷ്യവും ഇതിനു പിന്നിലുണ്ടന്നും കോഡിനേറ്ററായ ചിഞ്ചു മാത്യു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."