ഖത്തറിലുള്ള മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്ക ശേഖരിക്കുന്നു
തിരുവനന്തപുരം: ഖത്തറിലുള്ള മലയാളികളുടെ വിവരങ്ങള്‍ ശേഖരിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍.
പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം കത്തയച്ചിരുന്നു. ആറര ലക്ഷത്തോളം ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. അവരില്‍ മൂന്നുലക്ഷം പേരും മലയാളികളാണ്.
അതിനിടെ, ഖത്തറിലേക്കുള്ള വിമാന സര്‍വിസുകള്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിര്‍ത്തിയതോടെ നി രവധി മലയാളികള്‍ ദുരിതത്തിലായി.
തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പുലര്‍ച്ചെ നാലരയ്ക്കുള്ള ഖത്തര്‍ എയര്‍വെയ്‌സിന്റെ ദോഹ സര്‍വിസ് മുടങ്ങിയിട്ടില്ലെങ്കിലും ദോഹയിലെത്തി അവിടെനിന്ന് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകേണ്ടവര്‍ ബുദ്ധിമുട്ടിലായി. എമിറേറ്റ്‌സ്, എത്തിഹാദ്, ഫ്‌ളൈ ദുബൈ വിമാനക്കമ്പനികളാണ് ഖത്തറില്‍നിന്നുള്ള സര്‍വിസുകള്‍ നിര്‍ത്തിയത്.
തിരുവനന്തപുരത്തുനിന്ന് ഖത്തര്‍ എയര്‍വെയ്‌സില്‍ ദോഹയിലെത്തി സഊദി അറേബ്യയിലെ അബഹ, ദമാം, മദീന, തായിഫ് എന്നിവിടങ്ങളിലേക്കും ബഹ്‌റൈനിലേക്കും അബൂദബിയിലേക്കും പോകേണ്ട യാത്രക്കാര്‍ ധാരാളമുണ്ടാകാറുണ്ട്. മികച്ച സര്‍വിസ് ആയതിനാല്‍ സമീപ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരും ഖത്തര്‍ എയര്‍വെയ്‌സിനെയാണ് ആശ്രയിക്കാറുള്ളത്.
ഖത്തറില്‍നിന്ന് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വിസുകള്‍ ഖത്തര്‍ എയര്‍വെയ്‌സ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ മറ്റു വിമാനകമ്പനികളില്‍ സീറ്റ് തരപ്പെടുത്താനുള്ള ഓട്ടത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."