അതിവര്‍ഷവും പ്രളയവും; വകുപ്പുകളുടെ വിഭവസമാഹരണത്തിലും കുറവ്
കല്‍പ്പറ്റ: പ്രളയ പശ്ചാത്തലത്തില്‍ വിവിധ വകുപ്പുകള്‍ സമാഹരിച്ച നികുതികളും മറ്റു വരുമാനങ്ങളും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ്.
സെപ്റ്റംബര്‍ വരെ സമാഹരിച്ച വിവിധ നികുതികളും മറ്റു വരുമാനങ്ങളും അവലോകനം ചെയ്യാന്‍ ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം വിലയിരുത്തിയത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വിഭവസമാഹരണം ഗണ്യമായി കുറഞ്ഞ വകുപ്പുകളോട് കാരണം ബോധിപ്പിക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടു.
ലക്ഷ്യത്തേക്കാള്‍ കൂടുതല്‍ തുക സമാഹരിച്ചിരിക്കുന്നത് സൗത്ത് വയനാട് ഡി.എഫ്.ഒയും ജില്ലാ ലോട്ടറി ഓഫിസുമാണ്. സൗത്ത് വയനാട് ഡി.എഫ്.ഒ 2,65,06,016 രൂപയും ജില്ലാ ലോട്ടറി ഓഫിസ് 195 കോടിയും സമാഹരിച്ചിട്ടുണ്ട്. പ്രധാനമായും മരം ലേലത്തിലുടെയാണ് സൗത്ത് വയനാട് ഡി.എഫ്.ഒക്ക് കൂടുതല്‍ തുക സമാഹരിക്കാന്‍ സാധിച്ചത്.
എക്‌സൈസ് വകുപ്പ് ഇതുവരെ 69,32,583 രൂപ സമാഹരിച്ചു. ലക്ഷ്യമിട്ട തുകയുടെ 54.06 ശതമാനമാണിത്. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ 20.58 ശതമാനം, ആര്‍.ടി.ഒ 42.37 ശതമാനം, സുല്‍ത്താന്‍ ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ 36.07 ശതമാനം, ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) 49.20 ശതമാനവും സമാഹരിച്ചിട്ടുണ്ട്. ജി.എസ്.ടി നിയമം നിലവില്‍ വന്ന പശ്ചാത്തലത്തില്‍ ജി.എസ്.ടി വകുപ്പിന് വിഭവസമാഹരണത്തിന് ഇത്തവണ പ്രത്യേക ലക്ഷ്യമൊന്നും നല്‍കിയിരുന്നില്ല.
പൊതുവെ ഏറ്റവും കൂടുതല്‍ നികുതി വരുമാനം സര്‍ക്കാരിനു ലഭിക്കുന്ന വകുപ്പിന്റെ സമാഹരണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 73.12 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലെത്താന്‍ മൂന്നുമാസം കൂടി വേണ്ടിവരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഭൂനികുതിയിനത്തില്‍ (എല്‍.ആര്‍) മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകള്‍ യഥാക്രമം 92.21, 102.95, 74.37 ശതമാനം കൈവരിച്ചു. ജില്ലയിലെ മൂന്നു താലൂക്കുകളിലും റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ടു സര്‍ക്കാരിനു ലഭിക്കേണ്ട തുകയും യോഗത്തില്‍ വിലയിരുത്തി. റവന്യൂ റിക്കവറിയിലൂടെ (ആര്‍.ആര്‍) ലഭിക്കേണ്ട നികുതി വരുമാനം താലൂക്കുകളില്‍ കുറഞ്ഞ സാഹചര്യം പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍മാരോട് ആവശ്യപ്പെട്ടു.
വില്ലേജ് ഓഫിസുകളില്‍ ആവശ്യമെങ്കില്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കും. വിഭവ സമാഹരണം ത്വരിതപ്പെടുത്താനും തീരുമാനമായി. യോഗത്തില്‍ എ.ഡി.എം കെ. അജീഷ്, ഡെപ്യൂട്ടി കലക്ടര്‍ സി.എം വിജയലക്ഷമി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."