'മേലത്തൂര്‍ പണിയ കോളനിയിലെ വീടുകളില്‍ മഴ പെയ്താല്‍ കുട പിടിക്കണം'
മീനങ്ങാടി: ആദിവാസികളുടെ സമഗ്ര വികസനത്തിനായി കോടികള്‍ പൊടിക്കുമ്പോഴും ആനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ക്ക് ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ദുരിത ജീവിതം.
കുട്ടിരായിന്‍ പാലം മേലത്തൂര്‍ പണിയ കോളനിയിലെ പത്തോളം കുടുംബങ്ങളാണ് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ നരകജീവിതം നയിക്കുന്നത്. കോളനിയിലെ പത്ത് കുടുംബങ്ങളില്‍ മൂന്ന് കുടുംബത്തിന് മാത്രമെ സ്വന്തമായി ഭൂമിയുള്ളൂ. ഈ സ്ഥലത്താണ് മറ്റ് ഏഴ് കുടുംബങ്ങളും വീട് വച്ച് താമസിക്കുന്നത്. ഈ വീടാവട്ടെ കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണാവസ്ഥയിലാണുള്ളത്.
ചെറിയ മഴ പെയ്താല്‍ പോലും വീടിനുള്ളില്‍ കുട പിടിക്കേണ്ട അവസ്ഥയാണ്. മേല്‍ക്കൂരയില്‍ നിന്ന് വെള്ളം കിനിയുന്നത് തടയുന്നതിന് പ്ലാസ്റ്റിക്കും, ടാര്‍പ്പായയും കൊണ്ട് മൂടിയ വീടുകളില്‍ മാത്രമാണ് ഇപ്പോള്‍ ചോര്‍ച്ചയില്ലാത്തത്. ആവശ്യത്തിന് ശൗചാലയങ്ങളില്ലാത്തതിനാല്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് പുഴയെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളതെന്ന് കോളനിക്കാര്‍ പറയുന്നു.
മൂന്ന് വീടുകളില്‍ ശൗചാലയങ്ങളുണ്ടെങ്കിലും ഒരെണ്ണമാണ് ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. മറ്റ് ശൗചാലയങ്ങളുടെ ടാങ്കുകള്‍ പുഴയോടു ചേര്‍ന്നു കിടക്കുന്നതിനാല്‍ ഉപയോഗിക്കാന്‍ കഴിയാത്ത വിധം തകര്‍ന്ന നിലയിലാണുള്ളത്.
ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ പദ്ധതികളാവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടെങ്കിലും ഇതും ഈ കോളനിയിലെത്തിയിട്ടില്ല. അഞ്ച്, ഏഴ് ക്ലാസുകളില്‍ പഠനം നിര്‍ത്തിയ പത്തോളം കുട്ടികളാണ് ഈ കോളനിയിലുള്ളത്. ബന്ധപ്പെട്ട വകുപ്പ് കോളനിയെ പാടെ അവഗണിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."