ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; പ്രതിക്ക് 10 വര്‍ഷം കഠിന തടവ്
സുല്‍ത്താന്‍ ബത്തേരി: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ചീരാല്‍ കൊഴുവണ ചേനോത്ത് സി.പി റോയി (36)ക്ക് 10 വര്‍ഷം കഠിന തടവ്.
ഐ.പി.സി 363 പ്രകാരം തട്ടികൊണ്ടു പോകലിന് മൂന്നു വര്‍ഷം കഠിന തടവും ലൈംഗിക ബന്ധത്തിന് വേണ്ടി തട്ടികൊണ്ടു പോയതിന് 366 പ്രകാരം അഞ്ച് വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴ അടക്കാനും ബലാത്സംഗം ചെയ്തതിന് 376(1) പ്രകാരം പത്ത് വര്‍ഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴ അടക്കാനും വിധിച്ചു. കല്‍പ്പറ്റ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി (ഒന്ന്) കെ. രാമകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. പ്രതി കുറ്റക്കാരനാണന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിധി.
ശിക്ഷ ഒന്നിച്ച് പത്തു വര്‍ഷം അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലങ്കില്‍ പത്ത് വര്‍ഷം കൂടാതെ രണ്ടു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. രണ്ടാം പ്രതിയും റോയിയുടെ കൂട്ടുകാരനുമായ ജോബിന്‍ തോമസിനെ കോടതി മാപ്പു സാക്ഷിയാക്കി. ഒരു കേസിന്റെ വിചാരണ നിര്‍ത്തി വച്ച് പ്രതികളിലൊരാളെ മാപ്പുസാക്ഷിയാക്കി കേസില്‍ നിന്ന് ഒഴിവാക്കുകയെന്ന അപൂര്‍വതയോടെയാണ് കൊഴുവണ കേസില്‍ കോടതി വിധി പറഞ്ഞത്.
2010 ജൂണ്‍ 28നാണ് ബത്തേരിയിലെ പ്ലസ് ടു വിദ്യാര്‍ഥിനിയും ചീരാല്‍ കൊഴുവണ സ്വദേശിനിയുമായ പെണ്‍കുട്ടി വീടിനുള്ളില്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് മാത്രമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് അന്വേഷണ സംഘം കോഴിക്കോട് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ബലാത്സംഗം നടന്നതായി തെളിഞ്ഞത്. പ്രതി റോയിയുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ഇയാള്‍ ബത്തേരി ചുങ്കത്തെ ഫാന്‍സി കടയില്‍ വെച്ച് ബലാത്സംഗം ചെയ്തതിലുള്ള മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നും അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.
പൊലിസിന്റെ പഴുതടച്ചുള്ള അന്വേഷണം കൊണ്ടു മാത്രമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തിട്ടും പ്രതി ബലാത്സംഗത്തിന് കുറ്റക്കാരനാണന്നാണ് കണ്ടെത്തിയത്. ഇതില്‍ രണ്ടാം പ്രതിയെ മാപ്പുസാക്ഷിയാക്കുകയും ചെയ്തിരുന്നു. ബത്തേരി എസ്.ഐയായിരുന്ന പി.എല്‍ ഷൈജു, സി.ഐമാരായിരുന്ന ഷാജി വര്‍ഗീസ്, ജസ്റ്റിന്‍ അബ്രഹാം എന്നിവരും നിലവില്‍ ബത്തേരി സി.ഐയായ എം.ഡി സുനില്‍, എ.എസ്.ഐമാരായ ഹരീഷ്‌കുമാര്‍, ശശികുമാര്‍, റോയിച്ചന്‍, ടി.കെ ഉമ്മര്‍, സി.പി.ഒ മോന്‍സി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ജോസഫാണ് പൊലിസിനായി കോടതിയില്‍ ഹാജരായത്.
വിചാരണക്ക് ശേഷം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത പ്രതിയെ വിധിക്ക് ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. വിധി കേള്‍ക്കാന്‍ പെണ്‍ക്കുട്ടിയുടെ പിതാവും അമ്മാവനും കോടതിയില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."