പുഴ ഗതിമാറി ഒഴുകി; പ്രതീക്ഷകള്‍ തകര്‍ന്ന് ജയമണിയും കുടുംബവും
മീനങ്ങാടി: പുഴക്ക് സംരക്ഷണഭിത്തിയില്ലാത്തതിനാല്‍ പുഴ ഗതിമാറി ഒഴുകി തകര്‍ത്തത് പാതിരിപ്പാലം പുത്തന്‍വീട്ടില്‍ ജയമണിയുടെ പ്രതീക്ഷകളാണ്.
ചൊവ്വാഴ്ച തകര്‍ത്തു പെയ്ത മഴയില്‍ രാത്രി ഏഴോടെയാണ് എട്ടോളം വീടുകളില്‍ വെള്ളം കയറിയത്. 7.30 ഓടെ ജയമണിയുടെ പച്ചക്കട്ടയില്‍ തീര്‍ത്ത വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. ഈ സമയത്ത് ജയമണിയെ കൂടാതെ വീട്ടിനുള്ളിലുണ്ടായിരുന്ന മക്കളായ അനൂപും അഖിലും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീഴുന്നത് കണ്ട മൂവരും ഉടന്‍ തന്നെ സമീപത്തെ വീട്ടില്‍ അഭയം തേടുകയായിരുന്നു. തല ചായ്ക്കാനുള്ള ചെറിയ വീട് കൂടി നഷ്ടപ്പെട്ടതോടെ ഇനി എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് ഈ കുടുംബം.
12 മീറ്ററോളം വീതിയുണ്ടായിരുന്ന പുഴ സ്വകാര്യവ്യക്തികളുടെ കൈയേറ്റം കാരണം ശോഷിച്ചതും പുഴയുടെ ഒഴുക്ക് തടസമാകും വിധം പുഴയില്‍ മണ്ണടിഞ്ഞതിനാലും ശക്തമായ മഴയില്‍ പുഴ വീടുകള്‍ക്ക് സമീപത്തേക്ക് ഒഴുകുന്ന സാഹചര്യമാണിപ്പോഴുള്ളത്.
കഴിഞ്ഞദിവസത്തെ ശക്തമായ മഴയില്‍ പുഴയോട് ചേര്‍ന്ന് താമസിക്കുന്ന സുദേവന്, ശാരദ, കുര്യാക്കോസ്, കാര്‍ത്യായനി, ഓമന, കോമളം, ദേവി, എന്നിവരുടെ വീടുകളിലാണ് വെള്ളം കയറി ഇറങ്ങിയത്. ഒഴുകിയെത്തിയ വെള്ളം രാത്രി 11 മണിയോടെയാണ് വീടുകളില്‍നിന്നു ഒഴിവായത്.
വെള്ളം ഒഴിവായപ്പോള്‍ ഒട്ടുമിക്ക വീടുകളും ചെളി നിറഞ്ഞ അവസ്ഥയിലാണുള്ളത്. നിരവധി വീട്ടുകാര്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന രണ്ടു കിണറുകളിലും ചെളി നിറഞ്ഞിരുന്നു. പിന്നീട് നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഒരു കിണര്‍ ശുചീകരിക്കുകയും വീടുകളിലെ ചെളി നീക്കം ചെയ്യുകയും ചെയ്തു.
മഴ പെയ്താല്‍ ദേശീയപാതയില്‍ നിന്നുള്‍പ്പെടെ കുത്തിയൊലിച്ചെത്തുന്ന വെള്ളവും ഈ കുടുംബങ്ങള്‍ക്ക് ഭീഷണിയാവുകയാണ്. പുഴക്ക് സംരക്ഷണഭിത്തി നിര്‍മിക്കുകയും പുഴയുടെ ഒഴുക്ക് തടസപ്പെടുത്തുന്ന മണ്ണ് നീക്കം ചെയ്തും പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."