ഭാരതപ്പുഴയോരം ഇടിയുന്നു; കോളനി നിവാസികള്‍ ഭീതിയില്‍
തിരുന്നാവായ: പ്രളയാനന്തരം ഭാരതപ്പുഴയോരം പതിവായി ഇടിയുന്നത് മൂലം പുഴയോര നിവാസികളായ പളളിയാലില്‍ ഹരിജന്‍ കോളനിക്കാര്‍ ഭീതിയുടെ നിഴലിലാണ്. നൂറോളം കുടുംബങ്ങളാണ് ഇവിടെ ആശങ്കയില്‍ ജീവിതം തളളിനീക്കുന്നത്. വര്‍ഷങ്ങളായി ഉണ്ടാകുന്ന മണ്ണിടിച്ചിലില്‍ ഓരോ കാലവര്‍ഷത്തിലും ഈ കുടുംബങ്ങളുടെ ഭൂമിയും കൃഷികളും പുഴയോട് ചേര്‍ന്ന് അലിഞ്ഞ് ഇല്ലാതാകാറുണ്ട്. പുഴയോരം ഇടിഞ്ഞ് പറമ്പുകളോട് ചേരുന്നത് മൂലംപറമ്പുകളിലെ തെങ്ങ്,കമുങ്ങ്, പ്ലാവ് തുടങ്ങിയ വന്‍ ഫലവൃക്ഷങ്ങള്‍ കടപുഴകി വീഴുന്നത് പതിവാണ്. വര്‍ഷകാലത്ത് പുഴയില്‍ ശക്തമായ ഒഴുക്ക് ഉണ്ടാകുന്നത് മൂലം ഓരങ്ങളുടെ ഇടിവിന്റെ ആഘാതവും കൂടിയിട്ടുണ്ട്.
പ്രളയത്തില്‍ ഭാരതപ്പുഴ നിറഞ്ഞു കവിഞ്ഞതിനെ തുടര്‍ന്ന് കോളനിയും പരിസരങ്ങളും പാടെ വെളളത്തില്‍ മുങ്ങിയിരുന്നു. ഇത് പല കുടുംബങ്ങളുടെ വീടിനും മറ്റും കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. അനധികൃത മണല്‍ വാരല്‍ അപകടകരമായ രീതിയില്‍ പുഴയോരം ഇടിയുന്നതിന് കാരണമായിട്ടുണ്ട്. തിരുന്നാവായയിലെ ഭാരതപ്പുഴയുടെ ഈ ഭാഗം അപകടകരമായ രീതിയിലുളള മണ്ണ് ഇടിച്ചിലിന് സാധ്യതയുളളതാണെന്ന് നേരത്തെ പഠനം നടത്തിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ട്. ചമ്രവെട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് വന്നതിന് ശേഷം പുഴയില്‍ വെള്ളം വന്‍തോതില്‍ സംഭരിക്കപ്പെട്ടത് തീരത്തിന്റെ ഇടിച്ചിലിന് വേഗത വര്‍ധിച്ചിട്ടുണ്ട്.
തീരങ്ങളുടെ ഇടിച്ചിലില്‍ തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ചൂണ്ടികാട്ടി പള്ളിയാല്‍ പറമ്പില്‍ കോളനി നിവാസികള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അധികൃതരെ സമീപ്പിച്ചിരുന്നുവെങ്കിലും പ്രശ്‌നപരിഹാരത്തിന് ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടാകാത്തത് പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. പുഴയോരവും ഭൂമിയും ഇടിഞ്ഞ് പോകുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയുന്നതിനുവേണ്ടി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം നിവാസികള്‍ 1994 ല്‍ റവന്യു മന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് അന്നത്തെ ജില്ലാകലക്ടര്‍ അടക്കമുളളവര്‍ സ്ഥലത്തെത്തി പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്ത്‌നിന്ന് പിന്നീട് കാലമിത്രയായിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പുഴയോര നിവാസികള്‍ പറയുന്നു.
റിവര്‍ മാനേജ്‌മെന്റെ് ഫണ്ടില്‍ കോടിക്കണക്കിന് രൂപ കെട്ടികിടക്കുമ്പോഴും പാര്‍ശ്വഭിത്തികള്‍ നിര്‍മിക്കാന്‍ അധികൃതര്‍ നടപടിയെടുക്കാന്‍ മുതിരാത്തത് പ്രദേശ വാസികളില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തുന്നുണ്ട്. അതീവ ഗുരുതരമായ ഒരു പ്രശ്‌നത്തെ ലാഘവത്തോടെ കാണുന്ന അധികൃതരുടെ നിലപാടുകള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തയാറെടുക്കുകയാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."