അത്യാഹിത വിഭാഗത്തിനു സമീപത്തെ ആംബുലന്‍സുകള്‍ മാറ്റണം
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനു സമീപം നിര്‍ത്തിയിടുന്ന ആംബുലന്‍സുകളെ ആശുപത്രി പരിസരത്തുനിന്നും മാറ്റാന്‍ ആശുപത്രി വികസന സമിതിയില്‍ തീരുമാനം. ആശുപത്രി പരിസരത്തെ ആംബുലന്‍സ് പാര്‍ക്കിംഗ് മെഡിക്കല്‍ കോളജിനു പുറത്ത് ടി.ബി റോഡ് പരിസരത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് നേരത്തെ തന്നെ ഡ്രൈവര്‍മാര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു.ഇതിന് പിന്നാലെയാണ് ആശുപത്രി വികസന സമിതിയും തീരുമാനം കൈകൊണ്ടത്.
15 ആംബുലന്‍സുകളാണ് നിലവില്‍ അത്യാഹിത വിഭാഗത്തിനു സമീപത്തെ വാഹന പാര്‍ക്കിങ് കേന്ദ്രത്തോടു ചേര്‍ന്നു നിര്‍ത്തിയിടുന്നത്. ഇവിടെ ആശുപത്രി നവീകരണത്തിന്റെ ഭാഗമായി പുതിയ കെട്ടിടം നിര്‍മിക്കുന്നതിനാല്‍ പാര്‍കിങ് കേന്ദ്രം മാറ്റണമെന്ന് ജൂണ്‍ 23നു ചേര്‍ന്ന ആശുപത്രി ഗവേണിംഗ് ബോഡി യോഗത്തിലും തീരുമാനമെടുത്തിരുന്നു. ഈ തീരുമാനം നടപ്പാകാതെ വന്നതോടെയാണ് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വികസന സമിതി യോഗത്തിലും കര്‍ശന തീരുമാനം എടുത്തത്.
എന്നാല്‍ ആംബുലന്‍സ് പാര്‍ക്കിങിന് നിലവില്‍ കണ്ടെത്തിയ സ്ഥലം രോഗികള്‍ക്കും ആംബുലന്‍സ് ജീവനക്കര്‍ക്കും മികച്ച സേവനം ഉറപ്പാക്കുന്നതിനു തടസമാവുമെന്നാണ് വിലയിരുത്തല്‍. ടി.ബി റോഡ് പരിസരത്തു നിന്നും ആംബുലന്‍സുകള്‍ക്ക് അത്യാഹിത വിഭാഗത്തിലെത്താന്‍ കോര്‍ട്ട് റോഡില്‍ ആശുപത്രിക്കു മുന്നില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് പ്രധാന വെല്ലുവിളിയാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ നിരന്തരം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും വിവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലേക്കും മാറ്റാന്‍ നിര്‍ദേശം നല്‍കുമ്പോള്‍ ആംബുലന്‍സിനായി അലയേണ്ട ഗതികേടാവും രോഗികള്‍ക്കൊപ്പമുളളവര്‍ നേരിടേണ്ടി വരിക.
ഇതിനെതിരെ പൊതുപ്രവര്‍ത്തകരും രോഗികളുമടക്കമുള്ളവര്‍ രംഗത്തുണ്ട്. നിലവിലെ സ്ഥലത്തു നിന്നും വാഹനങ്ങള്‍ മാറ്റാമെങ്കിലും ആശുപത്രി പരിസരത്ത് അത്യാഹിത വിഭാഗത്തിനടുത്തായിത്തന്നെ ആംബുലന്‍സുകള്‍ പാര്‍ക്കു ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നാണ് ഡ്രൈവര്‍മാരും ആവശ്യപ്പെടുന്നത്. മറ്റൊരു മെഡിക്കല്‍ കോളജിലുമില്ലാത്ത രീതി മഞ്ചേരിയില്‍ അടിച്ചേല്‍പ്പിച്ചാല്‍ സമരരംഗത്തിറങ്ങുമെന്നും ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘടന മുന്നറിയിപ്പു നല്‍കുന്നു. സൗകര്യപ്രദമായ സ്ഥലത്ത് ആംബുലന്‍സ് പാര്‍ക്കിങ് ഒരുക്കണമെന്ന് മെഡിക്കല്‍ കോളജ് അധികൃതരോടും നഗരസഭ, പൊലിസ് തുടങ്ങി വിവിധ വകുപ്പു മേധാവികളോടും ആവശ്യമുന്നയിച്ചിട്ടും ഫലമുണ്ടായിട്ടില്ലെന്ന് ഡ്രൈവര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ആശുപത്രിയിലെ കാരുണ്യ ഫാര്‍മസി 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷനായി. എം.ഉമ്മര്‍ എം.എല്‍.എ, പ്രിന്‍സിപ്പല്‍ ഡോ.എം.പി ശശി, സൂപ്രണ്ട് ഡോ.നന്ദകുമാര്‍, ലം ഗോപിനാഥ്, പി.ജി ഉപേന്ദ്രന്‍, ടി.പി രാമചന്ദ്രന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."